waste-water

അടിമാലി: അടിമാലി താലൂക്കാശുപത്രിയിൽ നിന്നും മലിന ജലം സമീപത്തെ കൈത്തോട്ടിലേക്ക് ഒഴുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണ.മാകുന്നു.നിയന്ത്രണങ്ങളേതുമില്ലാതെ സദാസമയവും ആശുപത്രിയിൽ നിന്നും മലിനജലം ദേവിയാർപുഴയുടെ കൈത്തോട്ടിലേക്കാണ് തുറന്നുവിടുന്നത്.തോട്ടിലെ ഒഴുക്ക് നിലച്ചതോടെ മലിനജലം കെട്ടികിടന്ന് പ്രദേശത്ത് അസഹനീയ ദുർഗന്ധമാണുയരുന്നത്.രാത്രികാലത്ത് കൊതുക് ശല്യത്താൽ പൊറുതിമുട്ടിയാണ് സമീപവാസികളായ കുടുംബങ്ങൾ കഴിഞ്ഞ പോരുന്നത്.മലിനജലം സംസ്‌ക്കരിക്കാൻ സംവിധാനമൊരുക്കണമെന്ന് പ്രദേശവാസികൾ കാലങ്ങളായി ആശുപത്രി അധികൃതരോടാവശ്യപ്പെട്ടിരുന്നുവെങ്കിലും. നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് സ്വകാര്യ വ്യക്തി അടിമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്യാനൊരുങ്ങുന്നു.അടിമാലി ആനവിരട്ടി സ്വദേശിയും അഭിഭാഷകനുമായ മനോജ് തോപ്പിലാണ് സ്വകാര്യ അന്യായം ഫയൽചെയ്യാനൊരുങ്ങുന്നത്.ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്ന ഗുരുതര വീഴ്ച്ചയാണ് താലൂക്കാശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും ആശുപത്രി അധികൃതർ ആശുപത്രിയുടെ നിയന്ത്രണചുമതലയുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ എന്നിവരെ വിഷയത്തിൽ പ്രതിചേർത്ത് ഉടൻ കോടതിയിൽ അന്യായം ഫയൽ ചെയ്യുമെന്നും മനോജ് പറഞ്ഞു.