പൊൻകുന്നം : ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചതോടെ മിക്ക ഹോട്ടലുകളും അടച്ചു. ഇതോടെ അന്യസംസ്ഥാന തൊഴിലാളികളടക്കം ഹോട്ടലുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന വലിയ വിഭാഗത്തിന് ഭക്ഷണം കിട്ടാത്ത അവസ്ഥയായി. സർക്കാർ ഉദ്യോഗസ്ഥർ,കച്ചവടസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ,നിർമ്മാണമേഖലയിലുള്ളവർ തുടങ്ങി നിരവധി ആളുകളും ഇക്കൂട്ടത്തിലുണ്ട്.

ഒറ്റപ്പെട്ടു പോയവർ പറയുന്നത്
ജോലിയും വരുമാനവും നിലച്ചു, ഭക്ഷണം കിട്ടാതായി. നാട്ടിലേക്ക് പോകാനും കഴിയില്ല. പാചകം അറിയാത്തവരാണധികവും. ഇനി എങ്ങനെയെങ്കിലും പാചകം ചെയ്തു കഴിക്കാമെന്നുവച്ചാലും താമസിക്കുന്ന കൊച്ചുമുറികളിൽ സൗകര്യങ്ങളുമില്ല. പാത്രങ്ങളടക്കം ഒരുസാധനങ്ങളും വാങ്ങാൻ കടകളുമില്ല.കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ബ്രഡ്ഡും പഴവും ബിസ്‌ക്കറ്റുമൊക്കെയാണ് കഴിക്കുന്നത്. ബേക്കറിയിൽ കിട്ടുന്ന സാധനങ്ങൾ മാത്രം കഴിച്ച് എത്ര നാൾ തുടരാനാകും.

ഹോട്ടലുകളുടെ അവസ്ഥ
ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമാണ് അനുവദിക്കുന്നത്. അതിനുമാത്രമായി കട തുറക്കാൻ ഹോട്ടൽ ഉടമകൾ തയ്യാറല്ല. പരിസരത്തുള്ള സ്ഥാപനങ്ങളിലുള്ളവരും തൊഴിലാളികളും നാട്ടുകാരുമടക്കം ഹോട്ടലുകളിൽ സ്ഥിരമായി എത്തുന്നവരുണ്ട് ഇത്തരക്കാരെ ആശ്രയിച്ചാണ് സ്ഥാപനത്തിന്റെ നിലനിൽപ്പ്. ഇവരൊന്നുമില്ലാത്ത സാഹചര്യത്തിൽ കട തുറക്കാനാവില്ല. മുഴുവൻ ടീമും ഒന്നിച്ച് പ്രവർത്തിച്ചാലേ ഭക്ഷണം ഒരുക്കാനാകൂ. ഇവർക്കെല്ലാം ശമ്പളം കൊടുക്കണമെങ്കിൽ അതിനുള്ള കച്ചവടം ഉണ്ടാകണം.

യാചകർ പരിഭ്രാന്തിയിൽ
വികലാംഗരടക്കം വീടുകളിലും കടകളിലും കൃത്യമായ ദിവസങ്ങളിൽ സ്ഥിരമായി എത്തുന്ന യാചകരും പട്ടിണിയിലായി. ഇതിൽ മലയാളികളും മറുനാട്ടുകാരുമുണ്ട്. മിക്കവരും കടത്തിണ്ണകളിലും മറ്റുമാണ് അന്തിയുറങ്ങുന്നത്. കടകളിൽനിന്ന് പണവും വീടുകളിൽനിന്ന് ഭക്ഷണവും കിട്ടിയിരുന്നു.ഇതുരണ്ടും നിലച്ചതുമാത്രമല്ല എവിടേയും പോകാനും പറ്റാതായി.

പക്ഷികളും മൃഗങ്ങളും പട്ടിണിയിൽ
ഹോട്ടലുകൾ,കള്ളുഷാപ്പുകൾ,കല്യാണമണ്ഡപങ്ങൾ തുടങ്ങി ഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്ന പക്ഷികളും മൃഗങ്ങളുമുണ്ട്.കാക്കകൾ,കോഴികൾ,പ്രാവുകൾ,നായ്ക്കൾ,പൂച്ചകൾ തുടങ്ങി നിരവധി ജീവികൾ. അറിഞ്ഞോ അറിയാതയോ ഇവർക്കുള്ള ഭക്ഷണം മനുഷ്യൻ എറിഞ്ഞുകൊടുക്കാറുണ്ട്. സ്ഥാപനങ്ങളെല്ലാം പൂട്ടിതോടെ തെരുവ് നായ്ക്കളടക്കമുള്ളവയുടെ ജീവിതവും കഷ്ടത്തിലായി.