കോട്ടയം : ലോക്ക് ‌ഡൗൺ നിരോധനം ലംഘിച്ച് റോഡിലിറങ്ങിയ 628 പേർക്കെതിരെ ജില്ലയിൽ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി ജി.ജ‌യദേവിന്റെ നിർദ്ദേശാനുസരണമാണ് പൊലീസ് ശക്തമായ നടപടികളിലേയ്‌ക്കു കടന്നത്. അവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഒഴികെയുള്ള എല്ലാവർക്കും എതിരെ നടപടിയെടുക്കും. ഇന്നലെ മാത്രം 122 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 150 ലേറെ വാഹനങ്ങൾ ജില്ലയിൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ചൊവ്വാഴ്‌ച കോട്ടയം നഗരത്തിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തിയെങ്കിലും ഇന്നലെ ഓടിയില്ല. ഹോട്ടലുകളും, കടകളും അടഞ്ഞുകിടന്നു. അവശ്യ സാധനങ്ങൾ വില്ക്കുന്ന കടകളും, സൂപ്പർമാർക്കറ്രുകളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. കോട്ടയം നഗരത്തിലെ ചന്തയിലെ കടകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. നഗരത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ 400 പൊലീസുകാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. കൺട്രോൾ റൂം വാഹനങ്ങളിൽ പൊലീസ് സംഘം 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.

വെയിലും വൈറസും പൊലീസിന് ഭീഷണി

കൈകൾ കഴുകി ബ്രേക്ക് ദി ചെയിൻ കാമ്പെയിനിൽ നാട്ടുകാർ മുഴുവൻ സജീവമാകുമ്പോൾ, വെയിലും വൈറസും ഭീഷണി ഉയർത്തുകയാണ് പൊലീസുകാർക്ക്. കൊടുംവെയിലിൽ വേണം പൊലീസ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്താൻ. ഇത് കൂടാതെയാണ് എ.സി കാറുകളിൽ അടച്ചിട്ടെത്തുന്ന യാത്രക്കാർ ഉയർത്തുന്ന ഭീഷണി. നാലു മണിക്കൂർ വരെ തുടർച്ചയായി പൊലീസ് ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്താറുണ്ട്. ഇത്തരത്തിൽ വാഹനപരിശോധന നടത്താൻ റോഡിലിറങ്ങി നിൽക്കുന്ന ഇവർക്ക് പലപ്പോഴും കൃത്യമായി സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകാൻ സാധിക്കാറില്ല. മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിൽ പോലും എ.സി കാറുകളിൽ എത്തുന്നവർക്ക് രോഗമുണ്ടോ എന്നറിയാത്തതിനാൽ വലിയ ഭീഷണിയാണ് സൃഷ്‌ടിക്കുന്നത്.