remesh

ചങ്ങനാശേരി: റെയിൽവേ ജംഗ്ഷനിൽ ലോറി ഓട്ടോറിക്ഷായിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ചീരഞ്ചിറ പുതുച്ചിറ പുത്തൻപറമ്പിൽ രമേശനാണ് (50) മരിച്ചത്. ചീരഞ്ചിറ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ളായിക്കാട് ഭാഗത്തു നിന്നുമെത്തിയ ലോറി ഇടിക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് രജിസ്റ്ററിലുള്ള ലോറി അരിയുമായി ചങ്ങനാശേരി മാർക്കറ്റിലേയ്ക്കു വരികയായിരുന്നു. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. അഗ്നിശമനസേനയുടെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഓട്ടോയുടെ ഭാഗങ്ങൾ മുറിച്ചു മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡി.വൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെയും സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ.പ്രശാന്ത്കുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലോറി ഡ്രൈവർക്കെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ:ഗീത. മക്കൾ: രഞ്ജു, രഞ്ജിത്. മരുമകൾ: രേവതി. സംസ്‌ക്കാരം ഇന്ന് 12ന് മോർകുളങ്ങര ശ്മശാനത്തിൽ.

എന്നും അപകടമേഖല

ചങ്ങനാശേരി: നഗരത്തിലെ അപകടമേഖലയാണ് ചങ്ങനാശേരി റെയിൽവേ ജംഗ്ഷൻ. സിഗ്‌നൽ ലൈറ്റ് ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം തുടർക്കഥയാണ്. ചങ്ങനാശേരി ബൈപാസ് റോഡിൽ നിന്നും വാഴൂർ റോഡിൽ നിന്നും സിഗ്നൽ ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങളാണ് അപകടം വരുത്തുന്നത്. ഇന്നലെ തിരക്കൊഴിഞ്ഞ അവസരത്തിലാണ് ജംഗ്ഷനിൽ ലോറി ഓട്ടോയിലിടിച്ച് അപകടമുണ്ടായത്.ചങ്ങനാശേരി അഗ്നിശമനസേന സ്റ്റേഷൻ ഓഫിസർ സുനിൽ ജോസഫ്, ഫയർ ആന്റ് റസ്‌ക്യു ഓഫീസർമാരായ കെ.എൻ സുരേഷ്, നോബിൻ വർഗീസ്, എൻ പി പ്രമോദ്, നൗഫിൽ, ജസ്റ്റിൻ ജേക്കബ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

അപകടത്തിൽ മരിച്ച രമേശൻ
അപകടത്തിൽപ്പെട്ട വാഹനം