പ്രവർത്തനം കളക്ടറുടെ അനുമതി കിട്ടുന്ന മുറയ്ക്ക്

പാലാ: പാലാ ജനറൽ ആശുപത്രിയിൽ പുതിയ മന്ദിരം സജ്ജമായി.. 'കൊറോണ ' സാഹചര്യത്തിൽ ഏതുനിമിഷവും പുതിയ മന്ദിരത്തിൽ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം എന്ന കണക്കുകൂട്ടലിൽ ഇന്നലെ കെട്ടിടം കഴുകി വൃത്തിയാക്കി. വൈദ്യുതി ഉറപ്പാക്കി, എൽ.ഇ.ഡി. വിളക്കുകൾ മിഴി തുറന്നു. പുതിയ കട്ടിലും ബെഡും നിരന്നു. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ആശുപത്രി മന്ദിരം തുറക്കാൻ കൊറോണ കാരണമാവുകയായിരുന്നു. ജില്ലാ കളക്ടറുടെ അനുമതി കിട്ടുന്ന മുറയ്ക്ക് പുതിയ മന്ദിരത്തിൽ ചികിത്സ ആരംഭിക്കുമെന്ന് സൂപ്രണ്ട് ഡോ. അഞ്ജു.സി.മാത്യു, ആർ.എം.ഒ ഡോ.അനീഷ്.കെ.ഭദ്രൻ എന്നിവർ പറഞ്ഞു.
ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് ഇന്നലെയാണ് പൂർണ്ണമായും ശുചീകരിച്ച് പ്രവർത്തനസജ്ജമാക്കിയത്. ആവശ്യം വന്നാൽ ആദ്യഘട്ടത്തിൽ കൊറോണ ഐസോലേഷൻ വാർഡിന്റെ ഭാഗമായി മന്ദിരം മാറും. നഗരസഭാ ശുചീകരണ വിഭാഗവും കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് ശുചീകരണ പ്രവർത്തനം പൂർത്തിയാക്കിയത്.

18 കോടി

18 കോടി ചിലവഴിച്ചാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. പുതിയ മന്ദിരത്തിൽ 220 ബഡുകൾ സജ്ജീകരിക്കണമെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിരിക്കുന്നത്. നൂറ് പുതിയ കട്ടിലുകളും ബഡുകളും ഇവിടെ ഐസൊലേഷന് മാത്രമായി സജ്ജീകരിക്കും. ആവശ്യമുള്ള ബെഡുകൾ ഉടൻ എത്തിക്കും.
നിലവിലെ ഒ.പി വിഭാഗങ്ങളിൽ മാറ്റം വരുത്തി പുനർ ക്രമീകരിച്ചു. ആശുപത്രിയുടെ താഴത്തെ നിലയിൽ ഇനി കാഷ്വാലിറ്റിയും ജനറൽ ഒ.പിയും മാത്രമാണ് ഉണ്ടാവുക. ഇവിടെ 4 നീരീക്ഷണ ബഡുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് ഒ.പികൾ എല്ലാം ഒന്നാം നിലയിലാണ് ഇനി ഉണ്ടാവുക.
പനി പിടിപെട്ട രോഗികളെ പനി ക്ലിനിക്കിൽ മാത്രമാകും ചികിത്സിക്കുക. ഇവർക്കായുള്ള ഒ.പി ടിക്കറ്റും മരുന്നും ഇവിടെ നിന്നു തന്നെ രോഗികൾക്ക് ലഭ്യമാക്കും.