കോട്ടയം : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ജില്ലാ പഞ്ചായത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിൽ കൊറോണ സെല്ലും ബ്ലോക്ക് അടിസ്ഥാനത്തിൽ കൊറോണകെയർ സെന്ററുകളും തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകളായിരിക്കും യഥാക്രമം കൊറോണ സെല്ലും കൊറോണ കെയർസെന്ററുമായി പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായിരിക്കും സെല്ലുകളുടെയും കെയർ സെന്ററുകളുടെയും അദ്ധ്യക്ഷന്മാർ. വാർഡുതല കൊറോണ നിരീക്ഷണ സമിതിയുടെ പ്രവർത്തനത്തിന്റെ ഏകോപനമാണ് സെല്ലിന്റെ പ്രധാന ചുമതല. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കൽ, വിദേശ രാജ്യങ്ങളിൽ നിന്ന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് പുതിയതായി എത്തുന്നവർ ക്വാറന്റയിനിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കൽ, ആവശ്യമായവർക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുക, ബോധവത്കരണം തുടങ്ങിയവയാണ് മറ്റു പ്രവർത്തനങ്ങൾ.

കെയർസെന്ററിന്റെ ചുമതല

പഞ്ചായത്തുതല പ്രവർത്തനങ്ങളുടെ ഏകോപനമാണ് കൊറോണ കെയർസെന്ററുകൾ നിർവഹിക്കുക. ഇതിനു പുറമെ ജില്ലാതലത്തിൽ വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, വിഭവസമാഹരണം, പഞ്ചായത്തുകളുടെ പ്രവർത്തനത്തിൽ സഹായിക്കുക തുടങ്ങിയ ചുമതലകളും നിർവഹിക്കും. സമൂഹ വ്യാപനം ഉണ്ടാകുന്ന പക്ഷം കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് കെയർസെന്ററുകൾ ഡിവിഷൻ തിരിച്ച് മാർഗരേഖ തയ്യാറാക്കണം. ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും മരുന്നു ആവശ്യമുള്ളവർക്ക് ലഭ്യമാക്കുന്നതിന് പ്രവർത്തനങ്ങൾക്കും ഈ സംവിധാനം പ്രയോജപ്പെടുത്തും. ഇതിനായി ജില്ലാതലത്തിൽ ഹെൽപ്പ് ഡസ്‌ക് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അതത് ഡിവിഷനുകളിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


ക്വാറന്റയിനിൽ കഴിയുന്നവർക്ക് സഹായം

ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർക്ക് സഹായവുമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ. പൊതുസമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നവർ വാർഡംഗത്തെയോ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെയോ ആശാ പ്രവർത്തകരെയോ ബന്ധപ്പെട്ടാൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കും. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. സ്‌പോൺസർഷിപ്പ് മഖേനയും തനതു ഫണ്ടിൽനിന്നുമാണ് ഗ്രാമപഞ്ചായത്തുകൾ ഇതിനുള്ള പണം കണ്ടെത്തുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ പറഞ്ഞു.