അടിമാലി: നിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ നടപടി കടുപ്പിച്ച് അടിമാലി പൊലീസ്.ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനം വലിയ തോതിൽ വിലക്കുകൾ ലംഘിക്കപ്പെട്ടപ്പോൾ രണ്ടാം ദിനം അടിമാലി പൊലീസ് കർശന നിലപാട് സ്വീകരിച്ചു.വിലക്കുകൾ ലംഘിച്ച് രാവിലെ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയ സാഹചര്യത്തിലായിരുന്നു പൊലീസ് ഇടപെടൽ.ദേശിയപാതകളിലൂടെ എത്തിയ വാഹനങ്ങളുടെ പാസ് പരിശോധിച്ചു.അനാവശ്യമായി പുറത്തിറങ്ങിയവരെ വാഹന നമ്പരുൾപ്പെടെ രേഖപ്പെടുത്തി താക്കീത് നൽകി തിരിച്ചയച്ചു.ചൊവ്വാഴ്ച്ച മുതൽ ബുധനാഴ്ച്ച ഉച്ചവരെയുള്ള സമയത്ത് 18 കേസുകൾ രജിസ്റ്റർ ചെയ്തു.വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കുമെന്ന് അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജ് പറഞ്ഞു.എറണാകുളം ഇടുക്കി അതിർത്തികൾ പങ്കിടുന്ന നേര്യമംഗലം പാലത്തിന് സമീപമുള്ള അതിർത്തി പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.അവശ്യ സർവ്വീസുകൾക്കായി ഇടുക്കിയിലേക്കുള്ള പ്രവേശന പാസില്ലാതെ എത്തുന്ന എല്ലാവരേയും പൊലീസ് മടക്കി അയച്ചു.നിരത്തുകളിൽ വിലക്കുകൾ ലംഘിക്കപ്പെട്ടപ്പോൾ അടിമാലിയുടെ വ്യാപാരമേഖല പാടെ സ്തഭിച്ചു.മരുന്ന് കടകളും അവശ്യവിപണന കേന്ദ്രങ്ങളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.പ്രാദേശികമായി അവശ്യ സർവ്വീസുകൾ നടത്തുന്നതിനാവശ്യമായ പാസുകൾ അടിമാലി പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമിൽ നിന്നും ലഭ്യമാക്കുന്നുണ്ട്.