പാലാ: കൊറോണ ആശങ്കയ്ക്കിടെ നിർദേശങ്ങൾ മറികടന്ന് ജനങ്ങൾ കൂട്ടത്തോടെ പാലാ നഗരത്തിൽ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനും ആളുകൾ തിരക്കുകൂട്ടി. പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ പലരും തയ്യാറായില്ല.വിവിധ സംഭവങ്ങളിലായി 20 പേർക്കെതിരെ കേസെടുത്തു.

വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ വെറുതെ ടൗണിലേക്കിറങ്ങിയവരുമേറെ. ഇതോടെ പാലാ പൊലീസ് കുഴങ്ങി. പൊലീസ് കർശന നിർദ്ദേശം നൽകിയെങ്കിലും ജനങ്ങൾ പിരിഞ്ഞുപോയില്ല. അവശ്യസാധനങ്ങൾ വാങ്ങാനും ലോക്ക്ഡൗണിൽ നഗരം സ്തംഭിച്ചോ എന്ന് കാണാനിറങ്ങിയവരും എത്തിയതോടെ നഗരം ഏറെക്കുറെ പതിവ് ദിവസങ്ങളിലേത് പോലെയായി. പച്ചക്കറി, പലവ്യജ്ഞന, ബേക്കറി, മത്സ്യമാംസ വിൽപനശാലകളിൽ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

സ്ഥിതിഗതികൾ കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ ഉച്ചയോടെ പൊലീസ് കർശന നടപടികളുമായി രംഗത്തെത്തി. നഗരത്തിന്റെ പരിധികളിലും ആശുപത്രി ജംഗ്ഷനിലും ളാലം ജംഗ്ഷനിലും വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തി. യാത്രക്ക് മുമ്പ് തയാറാക്കേണ്ട സത്യവാങ്മൂലവും പലരുടെയും കൈയിലുണ്ടായിരുന്നില്ല.

അനാവശ്യമായി തുറന്നു പ്രവർത്തിച്ച 15 ഓളം കടകൾ പൊലീസ് അടപ്പിച്ചു. ഇന്നു മുതൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ്പൊലീസിന് ജില്ലാ കേന്ദ്രത്തിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇത് പ്രകാരം ചൂരൽപ്രയോഗം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഇന്നു മുതൽ നഗരത്തിൽ അനാവശ്യമായി ഇറങ്ങുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പാലാ ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫും വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പൊലീസ് തയാറല്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.