ഇതരസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കാൻ സ്‌കൂളുകളുടെയും ഒഴി‌ഞ്ഞ കെട്ടിടങ്ങളുടെയും പട്ടികയെടുക്കുന്നു

കോട്ടയം : കൊറോണക്കാലത്ത് പ്രതിരോധത്തിനിറങ്ങുന്ന പൊലീസിന് ഭക്ഷണം ഉറപ്പാക്കാൻ സ്റ്റേഷനുകളിൽ പാചകപ്പുരകൾ ഒരുങ്ങുന്നു. ഹോട്ടലുകൾ അടയ്‌ക്കുകയും ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം എത്തിക്കുന്നത് ദുർഘടവുമായതോടെയാണ് സ്റ്രേഷനുകളിൽ തന്നെ പാചകപ്പുരകൾ ഒരുക്കാൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിർദ്ദേശം നൽകിയത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ജില്ലയിലെ ഹോട്ടലുകളും, ഭക്ഷണശാലകളും എല്ലാം അടച്ചു. കോട്ടയം നഗരത്തിലെ വിവിധ പോയിന്റുകളിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു ഭക്ഷണവും വെള്ളവും കൃത്യമായ ഇടവേളകളിൽ എ.ആർ ക്യാമ്പിൽ നിന്ന് എത്തിച്ചു നൽകുകയാണ്. എന്നാൽ ജില്ലയിലെ ഗ്രാമീണ മേഖലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഭക്ഷണം എത്തിക്കുക ബുദ്ധിമുട്ടായതോടെയാണ് സ്റ്രേഷനുകളിൽ തന്നെ ഭക്ഷണം പാകം ചെയ്യാൻ നിർദ്ദേശം നൽകിയത്. സ്റ്റേഷനുകളിലെ അടുക്കളയുടെ ചുമതല ഒന്നോ രണ്ടോ പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും അന്വേഷിച്ച് പൊലീസ്

എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഒഴിഞ്ഞു കിടക്കുന്ന സ്‌കൂളുകളുടെയും, ഓഡിറ്റോറിയങ്ങളുടെയും പട്ടിക ശേഖരിച്ച് പൊലീസ്. ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഇവരെ ഒഴിപ്പിച്ച് സ്‌കൂളുകളിലോ, ഓഡിറ്റോറിയങ്ങളിലോ പാർപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന്റെ ഭാഗമായാണ് പൊലീസ് സ്‌കൂളുകളുടെയും ആളൊഴിഞ്ഞ കെട്ടിടങ്ങളുടെയും പട്ടിക ശേഖരിച്ചിരിക്കുന്നത്. തിങ്ങിനിറഞ്ഞു കഴിയുന്ന സ്ഥലങ്ങളിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ഒഴിപ്പിച്ച ശേഷം സൗകര്യം കൂടുതലുള്ള സ്ഥലങ്ങളിൽ എത്തിക്കുന്നതിനാണ് പദ്ധതി.

പൊലീസ് സ്റ്റേഷനുകളിൽ മെസ്

പൊലീസ് സ്റ്റേഷനുകളിൽ ഭക്ഷണം ഉറപ്പാക്കുന്നതിനാണ് മെസ് ആരംഭിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നി‌ർദേശ പ്രകാരമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കു താമസത്തിനു ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

ജി.ജയദേവ്, ജില്ലാ പൊലീസ് മേധാവി