പൊൻകുന്നം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ആശുപത്രികളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുന്നതിന് എം.പി.ഫണ്ടിൽ നിന്ന് 1.50 കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എം.പി.അറിയിച്ചു. ഗവ.ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സൗകര്യം ലഭിക്കും.
പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വെന്റിലേറ്ററുകൾ അനുവദിച്ചു. തിരുവല്ല, റാന്നി, കോന്നി താലൂക്ക് ആശുപത്രികൾക്ക് ഓരോന്നുവീതവും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് രണ്ടും വെന്റിലേറ്റർ ലഭിക്കും. മുണ്ടക്കയം, ഈരാറ്റുപേട്ട, ഫാമിലി ഹെൽത്ത് സെന്ററിൽ ഓരോ വെന്റിലേറ്ററും നൽകും. ഓക്‌സിജൻ സിലിൻഡറുകൾ, അവശ്യ ഉപകരണങ്ങൾ എന്നിവയ്ക്കും ഫണ്ട് വിനിയോഗിക്കുമെന്ന് ആന്റോ ആന്റണി അറിയിച്ചു.