വൈക്കം: കൊറോണ വൈറസ് സമൂഹ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മത്സ്യബന്ധനമേഖല ഉൾപ്പെടെ സ്തംഭനാവസ്ഥയിലായി.
ലോട്ടറി വില്പനക്കാർ, ഓട്ടോ, ടാക്‌സി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കെട്ടിട നിർമ്മാണ തൊഴിലാളികൾ തുടങ്ങിയവരാണ് വലിയ പ്രതിസന്ധിയെ നേരിടുന്നത്. വൈക്കത്തെ പ്രധാന തൊഴിൽ മേഖലയായ മത്സ്യബന്ധനം നിലച്ചതോടെ തീരമേഖലയടക്കം നിശ്ചലമാണ്. പ്രതിദിനം ദശലക്ഷങ്ങളുടെ വ്യാപാരം നടക്കുന്ന കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റ് കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ ഹാർബറുകളിൽ നിന്നും മത്സ്യം എത്തുന്ന ഈ മാർക്കറ്റുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് ഉപജീവനം നടത്തുന്നത്. സമീപ ജില്ലകളിൽ വരെ മത്സ്യം തലച്ചുമടായി വിൽക്കുന്ന അയ്യായിരത്തോളം സ്ത്രീ തൊഴിലാളികൾ ഇവിടെയുണ്ട്. ബിവറേജസ് ഔട്ട് ലെറ്റ് അടക്കുമെന്ന വാർത്ത പുറത്തുവന്നതോടെ വൈക്കം, തലയോലപ്പറമ്പ് ,മൂർക്കാട്ടുപടി എന്നിവിടങ്ങിലെ ഔട്ട് ലെറ്റുകളിലേക്ക് മദ്യം വാങ്ങുവാനായി നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ഔട്ട് ലെറ്റ് അടഞ്ഞ് കിടന്നിട്ടും ചിലർ മടങ്ങിപ്പോകാൻ തയാറായില്ല. ഇവരെ പിന്നീട് പൊലീസ് എത്തിയാണ് പറഞ്ഞുവിട്ടത്. ലോക് ഡൗൺ ലംഘിച്ച് അനാവശ്യമായി വാഹനങ്ങൾ പുറത്തിറക്കുന്നവർക്കെതിരെ പൊലീസ് ഇന്നലെയും കർശന നടപടികൾ സ്വീകരിച്ചു. നിയമലംഘനം നടത്തിയ 5 വാഹനങ്ങളാണ് തലയോലപ്പറമ്പ് പൊലീസ് പിടിച്ചെടുത്തത്. ഇവർക്കെതിരെ കേസെടുത്തു. സപ്ലെകോ മാർക്കറ്റുകളിൽ ഉത്പ്പന്നങ്ങൾ വാങ്ങാൻ എത്തിയവരെ ടോക്കൺ നൽകിയാണ് നിയന്ത്രിച്ചത്. മാർക്കറ്റുകളിലും, പ്രധാന കേന്ദ്രങ്ങളിലും മാത്രമാണ് ജനത്തിരക്ക് കുറച്ചെങ്കിലും അനുഭവപ്പെട്ടത്. ഉൾപ്രദേശങ്ങൾ വിജനമായിരുന്നു.