വൈക്കം: കൊറോണയോട് യുദ്ധം പ്രഖ്യാപിച്ച് ഫയർ ആന്റ് റെസ്‌ക്യൂ ജീവനക്കാർ. നാടിന്റെ സുരക്ഷയ്ക്കു വേണ്ടി അണുനശീകരണം, ബോധവത്കരണം എന്നിവ വിശ്രമമില്ലാതെ ഏറ്റെടുത്തു നടത്തുന്ന തിരക്കിലാണ് വൈക്കത്തെ ഫയർഫോഴ്‌സ്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറും സഹപ്രവർത്തകരും കൊറോണയുടെ സമൂഹ വ്യാപനം തടയുന്നതിനായി ദിവസങ്ങളായി പ്രവർത്തിക്കുകയാണ്. വൈക്കം ബീച്ച്, ബോട്ട് ജെട്ടി പരിസരം, ബോട്ടുകൾ , താലൂക്ക്ആശുപത്രി പരിസരം, പോസ്റ്റോഫീസ്, കോവിലത്തുംകടവ് മത്സ്യമാർക്കറ്റ്, കെ എസ് ആർ ടി സി ബസുകൾ, ഡിപ്പോ, ദളവാക്കുളം ബസ്റ്റാന്റ്, പൊലീസ് സ്റ്റേഷൻ പരിസരം, വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോസ്റ്റാന്റുകൾ തുടങ്ങി നിരവധി ഇടങ്ങളിലാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കഴുകി വൃത്തിയാക്കിയ ശേഷം ഡെറ്റോൾ, ലോഷൻ എന്നിവ തളിച്ച് സുരക്ഷിതമാക്കുകയാണ് ചെയ്യുക. വൃത്തിഹീനമായ ഇടങ്ങളിൽ ബ്ലീച്ചിംഗ് പൗഡറുകൾ വിതറുന്നുണ്ട്.