മരണം നാലായി

ഇടുക്കി: കേരള- തമിഴ്‌നാട് അതിർത്തിയിലെ തമിഴ്‌നാട്ടിലെ രാസിങ്കപുരം വണ്ണാൻ തുറക്ക് സമീപം കാട്ടുതീയിൽ അകപ്പെട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. രാസിങ്കപുരം സ്വദേശികളായ മഹേശ്വരി ശിവകുമാർ (25), മഞ്ജുള വെങ്കിടേഷ് (23) എന്നിവരാണ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്. ഇതോടെ ആകെ മരണം നാലായി. ബോഡിനായ്ക്കന്നൂർ സ്വദേശി വിജയ്മണി (45), തിരുമൂർത്തിയുടെ മകൾ കൃതിക (മൂന്ന്) എന്നിവർ ചൊവ്വാഴ്ച സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലോകേശ്വരൻ എന്നയാളുടെ നില ഗുരുതരമായി തുടരുകയാണ്. ശാന്തമ്പാറ പേത്തോട്ടിയിൽ തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്തംഗസംഘം ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് മലനിരകളിൽ പടർന്ന കാട്ടുതീയിൽ അകപ്പെട്ടത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാന റോഡ് അടച്ചതിനാലാണ് സംഘം അപകടകരമായ മലമ്പാതയിലൂടെ നടന്ന് സ്വദേശത്തേക്ക് പോയത്. മലയടിവാരത്തിൽ നിന്ന് വീശിയടിച്ച കാറ്റിൽ ആളിപ്പടർന്ന തീയിൽ അകപ്പെട്ട ഇവരിലെ കുട്ടി ഉൾപ്പെടെ രണ്ടു പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ തമിഴ്‌നാട് വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വജ്ര മണി (25), കല്പന (45),ഒണ്ടി വീരൻ (28), ജയശ്രീ( 23) എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവർ.