കോട്ടയം: കോട്ടയത്തിന് ശുഭാപ്തി വിശ്വാസം. ഇന്നലെ ആരെയും ഐസൊലേഷനിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല. കോവിഡ്-19 (കൊറോണ) സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡീൽ കഴിഞ്ഞിരുന്ന ചെങ്ങളം സ്വദേശികളായ ദമ്പതികൾ രോഗ വിമുക്തരായി. ജില്ലയിലെ ആദ്യ കൊറോണ ബാധിതരായ ദമ്പതികളാണ് സുഖം പ്രാപിച്ചത്. ഇവരുടെ ആദ്യത്തെ നാലു പരിശോധനകളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 18, 20 തീയതികളിൽ ശേഖരിച്ച സ്രവത്തിന്റെ റിസൾട്ട് നെഗറ്റീവ് ആയിരുന്നു. എങ്കിലും കുറച്ചുദിവസം കൂടി ഐസൊലേഷനിൽ തന്നെ ഇവർക്ക് തുടരേണ്ടിവരും.

ഇവരുടെ കുഞ്ഞും മാതാപിതാക്കൾക്കൊപ്പം ഐസൊലേഷനിൽ ഉണ്ട്. കുട്ടിയ്ക്ക് രോഗബാധ ഇല്ല. എങ്കിലും കുട്ടിയും ഇവരൊടൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ മധ്യവയസ്കന്റെ മകളും മരുമകനുമാണ് ചെങ്ങളം സ്വദേശികളായ ഇവർ.

എന്നാൽ റാന്നിയിൽ രോഗം സ്ഥിരീകരിച്ച വയോധികർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷനിൽ കഴിയുകയാണ്. ഇറ്റലിയിൽ നിന്ന് എത്തിയ മധ്യവയസ്കന്റെ മാതാപിതാക്കളാണിവർ. ഇവരുടെ റിസൾട്ട് നെഗറ്റീവ് ആയിട്ടില്ലെങ്കിലും ആല്പം ആശ്വാസമുണ്ട്. പ്രായാധിക്യത്താലാണ് രോഗം ഭേദമാവാൻ താമസം നേരിടുന്നതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. കൂടാതെ 91കാരനായ ഗൃഹനാഥൻ ഹൃദ്യോഗിയാണ്.

രോഗികളെ പരിചരിച്ച ആരോഗ്യപ്രവർത്തകയെയും കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ഐസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. അഞ്ചു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ കോട്ടയം താലൂക്ക് ആശുപത്രിയിലുമാണ് കഴിയുന്നത്.

ജില്ലയിൽ ഇതുവരെ പരിശോധിച്ച 207 സാമ്പിളുകളിൽ രോഗബാധ മൂന്നു പേർക്ക് മാത്രമാണ്. 176 പേരുടെയും റിസൾട്ട് നെഗറ്റീവ് ആണ്. ആകെ 2688 പേർ ഹോംക്വാറന്റയിൽ കഴിയുന്നുണ്ട്.

ഇടുക്കി ജില്ലയിൽ ഒരാൾക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം രണ്ടായി. കഴിഞ്ഞദിവസം ദുബൈയിൽ നിന്നും എത്തിയ തൊടുപുഴ സ്വദേശിക്കാണ് സ്രവപരിശോധനയിൽ പോസിറ്റീവ് കണ്ടെത്തിയത്. ടൂറിസ്റ്റായി മൂന്നാറിൽ എത്തിയ യു.കെ പൗരനാണ് ജില്ലയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചത്.