crime-

കോട്ടയം: അമ്മയും സഹോദരനും വീട്ടിലില്ലാതിരുന്ന സമയത്ത് മദ്യലഹരിയിൽ എത്തിയ യുവാവ് പിതാവിനെ തലയ്ക്ക് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി. കുമരകം ചെങ്ങളത്ത് ഇന്നലെ പുലർച്ചെയിലായിരുന്നു സംഭവം. ചെങ്ങളം വടാശേരി സഖറിയയാണ് (62) മരിച്ചത്. മകൻ അരുണിനെ (24) കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റോഡ് അപകടത്തിൽ പരിക്കേറ്റ മൂത്തമകനെ ശുശ്രൂഷിക്കാനായി ആശുപത്രിയിലായിരുന്നു അമ്മ. പിതാവും അരുണും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പുറത്തുപോയി മദ്യപിച്ചശേഷം വീട്ടിലെത്തിയ അരുൺ പിതാവുമായി വാക്കേറ്റമുണ്ടായെന്നും തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

ഇന്നലെ രാവിലെ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. കട്ടിലിൽ നിന്നും താഴെ വീണ് തല പൊട്ടിയതെന്നാണ് അരുൺ ആദ്യം പൊലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോൾ പിതാവ് ഹൃദ്യോഗിയാണെന്നും കട്ടിലിൽ നിന്നും താഴെ വീണ് മരണം സംഭവിച്ചുവെന്നും മാറ്റി പറഞ്ഞു. ഇതോടെ അരുണിനെ കസ്റ്റഡിയിലെടുത്ത കുമരകം എസ്.ഐ രജൻകുമാർ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. തല പൊട്ടി കട്ടിലിനുതാഴെ രക്തം തളംകെട്ടി നില്പുണ്ടായിരുന്നു.

പോസ്റ്റുമോട്ടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. തലയ്ക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. മൃതദേഹം ഇന്നലെതന്നെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.