കോട്ടയം: ഇറച്ചിക്കടകളും തട്ടുകടകളുമില്ല. അതുകൊണ്ട് അവിടെ നിന്നുള്ള അവശിഷ്ടങ്ങളുമില്ല. നാട്ടുകാർ റോഡരികിൽ തള്ളുന്ന മാലിന്യത്തിൽ നിന്ന് എന്തെങ്കിലും കഴിക്കാമെന്നു വച്ചാൽ അതുമില്ല..! ഇത് നഗരത്തിലെ തെരുവുനായ്‌ക്കളുടെ സങ്കടമാണ്. രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകളും മറ്റും അടച്ചതോടെയാണ് തെരുവുനായ്‌ക്കളും പട്ടിണിയിലായത്. നാട്ടുകാർ റോഡരികിൽ തള്ളിയിരുന്ന മാലിന്യങ്ങളായിരുന്നു ഇതുവരെയുള്ള ഭക്ഷണം. ജനതാ കർഫ്യൂ കഴിഞ്ഞ്, ലോക് ഡൗൺ ഒരാഴ്‌ചയിലേയ്‌ക്കു കടക്കുന്നതോടെ ഇതും തീർന്നു തുടങ്ങി. നഗരത്തിൽ മാത്രം അഞ്ഞൂറിലേറെ തെരുവുനായ്‌ക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ പ്രവർത്തകരുടെ കണക്ക്.
ഭക്ഷണം ലഭിക്കാതെ വന്നാൽ തെരുവുനായ്‌ക്കൾ അക്രമാസക്‌തരാകാം. എന്നാൽ, മനുഷ്യന്റെ ആരോഗ്യവും ഭക്ഷണവും തന്നെ പ്രതിസന്ധിയെ നേരിടുന്ന കാലത്ത് നായ്‌ക്കൾക്കു ഭക്ഷണം നൽകുക എന്നത് പ്രായോഗികവുമല്ല. ഇവയെ ഒരു സ്ഥലത്ത് ഒന്നിച്ച് പാർപ്പിക്കാനും മാർഗമില്ല.
പ്രതിസന്ധി
ഭക്ഷണത്തിനായി വളർത്തുമൃഗങ്ങളെ ആക്രമിക്കാം
പരസ്‌പരം ഏറ്റുമുട്ടിയാൽ യാത്രക്കാർക്ക് ഭീഷണിയാകും
നിർദേശം
ബാക്കിയാകുന്ന ഭക്ഷണം നായ്‌ക്കൾക്ക് മാറ്റി വയ്‌ക്കുക
മനുഷ്യരെ നായ്‌ക്കൾ ആക്രമിക്കുന്നില്ലെന്ന് ഉറപ്പാക്കണം
അടിയന്തരമായി ഇടപെടും
തെരുവു നായ്‌ക്കൾക്കു വേണ്ടി എന്തു ചെയ്യാനാവുമെന്ന കാര്യം പരിശോധിക്കും. എങ്കിലും ഭക്ഷണം എത്തിക്കുക പ്രായോഗികമല്ല. സമാന സ്വഭാവമുള്ള സംഘടനകളുമായി ആലോചിച്ച് അടിയന്തരമായി ഇടപെടും.
ഡോ.പി.ബിജു, ഫ്രണ്ട്സ് ഒഫ് ആനിമൽസ്