പൊന്‍കുന്നം: മഹാമാരിയെ ചെറുക്കാന്‍ ലോകം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ തങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന ഭാവത്തില്‍ ചിലരുടെ വിലസൽ. മുക്കിലും മൂലയിലും ഒളിഞ്ഞും തെളിഞ്ഞും ഇത്തരക്കാര്‍ കൂട്ടംകൂടുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മഹാഭൂരിപക്ഷവും അനുസരിക്കുമ്പോഴാണ് ചില സാമൂഹ്യവിരുദ്ധര്‍ ഇങ്ങനെ അഴിഞ്ഞാടുന്നത്. പൊലീസ് വാഹനം ദൂരെ കാണുമ്പോഴേ ഇവര്‍ ഓടി മറയും. പൊലീസ് പോയിക്കഴിയുമ്പോള്‍ വീണ്ടും പുറത്തിറങ്ങും.
കുടുംബക്കാരുമായി സ്വരച്ചേര്‍ച്ചയില്ലാത്തവര്‍, പകല്‍നേരങ്ങളില്‍ വീട്ടിലിരിക്കാത്തവര്‍, കവലകളില്‍ സ്ഥിരം കഴിയുന്നവര്‍, മദ്യപ സംഘങ്ങൾ, വീട്ടില്‍ കയറാതെ കറങ്ങിനടക്കുന്നവര്‍, സ്വന്തമായി വീടില്ലാത്തവര്‍ ഇങ്ങനെയുള്ളവരാണ് ഇപ്പോഴും കവലകളില്‍ വിലസുന്നത്. ലോകത്ത് എന്തു സംഭവിച്ചാലും തങ്ങളെ ബാധിക്കില്ലെന്ന തരത്തിലുള്ള ഇക്കൂട്ടരുടെ നിലപാടിൽ
നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. പക്ഷേ ആരുടേയും പേരെടുത്ത് പറയാനോ പരാതിപ്പെടാനോ അവര്‍ ഭയക്കുന്നു. ഇത്തരം സാമൂഹികവിരുദ്ധരെ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാഹനങ്ങളില്‍ കറങ്ങിനടക്കുന്നവര്‍ക്കെതിരെ എന്നതുപോലെ കവലകളിലെ സാമൂഹ്യവിരുദ്ധരെ കൂടി നിലയ്ക്കുനിറുത്താന്‍ പൊലീസിനു കഴിയണം. വാഹനപരിശോധനയടക്കമുള്ള പൊലീസ് നടപടികള്‍ കാണാന്‍ കൂട്ടംകൂടി നില്‍ക്കുന്നവരുണ്ട്.പൊലീസ് കൃത്യമായി അവരുടെ ജോലി ചെയ്യുന്നുണ്ട്.ഇതൊന്നും ആരും നിരീക്ഷിക്കേണ്ട കാര്യമില്ല.

-ഡോ.എന്‍.ജയരാജ് എം.എല്‍.എ