പാലാ: നഗരസഭയിലെ കാനാട്ടുപാറ വാർഡ് കൗൺസിലർ ജിജി ജോണിക്ക് നന്ദി പറയുകയാണ് പാലാ പൊലീസും പാലാ ജനറൽ ആശുപത്രി ജീവനക്കാരും. ജിജിയുടെ നന്മ മനസ്സിൽ നിന്ന് ഇഴ കോർത്തെടുത്ത മുഖാവരണങ്ങളാണ് ( മാസ്‌ക്ക്) ഇന്ന് പാലാ പൊലീസും ജനറൽ ആശുപത്രി ജീവനക്കാരുമണിയുന്നത്.
ആയിരത്തോളം മാസ്ക്കുകളാണ് ജിജി ജോണിയും കൂട്ടുകാരികളും തുന്നിയെടുത്തത്.
കൂലിപ്പണിക്കും മറ്റും പോകുന്ന വാർഡിലെ പാവപ്പെട്ട നൂറു പേർക്ക് സൗജന്യമായി മാസ്‌ക്കുകൾ വിതരണം ചെയ്യുകയായിരുന്നു കൗൺസിലറുടെ ആദ്യ ലക്ഷ്യം. ഇതിനായി കൈക്കാശു മുടക്കി തുണിയും ഇലാസ്റ്റിക്കുമൊക്കെ വാങ്ങി.കൂട്ടുകാരികളായ രജനി, വൽസമ്മ, വിജി, ബിന്ദു, സതി, സുജാമ്മ എന്നിവരുടെ സഹായത്തോടെ മാസ്‌ക്കുകൾ തയ്‌ച്ചെടുത്തു.ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന പ്രഖ്യാപനം വന്നതോടെ വീട്ടിലിരിക്കുന്ന വാർഡുകാർക്ക് മാസ്‌ക്ക് കൊടുത്തിട്ടു കാര്യമില്ലെന്നായി.ഇതിനിടെ
ജിജിയും കൂട്ടരും മാസ്‌ക്ക് തയ്ച്ച വിവരം പാലാ പൊലീസറിഞ്ഞു. എത്ര മാസ്‌ക്കുണ്ടെങ്കിലും തങ്ങൾക്ക് തന്നേക്കൂവെന്നായി പൊലീസിന്റെ അഭ്യർത്ഥന.
ഇന്നലെ രാവിലെ സി.പി.എം. ലോക്കൽ സെക്രട്ടറി ജയപ്രകാശ്, അഡ്വ.ബാബു, ടിമിൽ തോമസ് ഒറ്റപ്ലാക്കൽ എന്നിവരോടൊപ്പമെത്തി ജിജി ജോണി മാസ്‌ക്കുകൾ പാലാ എസ്. ഐ. പി.ജെ.കുര്യാക്കോസിന് കൈമാറി. പാലാ ജനറൽ ആശുപത്രി ആർ. എം. ഒ.ഡോ. അനീഷ്.കെ. ഭദ്രൻ, ആയിരത്തോളം മാസ്‌ക്കുകൾ തയ്ക്കാനുള്ള തുണി ജിജിക്ക് കൈമാറി. ജിജി ജോണിയെ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസീസ് എന്നിവർ അഭിനന്ദിച്ചു.