കോട്ടയം: 'ആരാടാ എന്നു ചോദിച്ചാൽ എന്നാടാ 'എന്ന് തിരിച്ചു ചോദിക്കുന്ന പ്രകൃതമാണ് പൊതുവേ കോട്ടയംകാരുടേത്. കൊറോണ വ്യാപനം തടയാൻ എല്ലാവരും വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രിയല്ല അതിലും വല്യപുള്ളി പറഞ്ഞാലും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ പെരുമാറുന്ന കോട്ടയത്തുകാരെക്കൊണ്ട് പൊലീസുകാരും സഹികെട്ടു. ലോക് ഡൗൺ ലംഘിച്ചതിന് ഏറ്റവും കൂടുതൽ കേസ് കോട്ടയത്തായിരുന്നു. തിരുവനന്തപുരത്ത് 137 പേർക്കെതിരെ കേസെടുത്തപ്പോൾ കോട്ടയത്ത് ചൊവ്വാഴ്ച 603 പേർക്കെതിരെയായിരുന്നു കേസ് . നൂറിലേറെ വാഹനങ്ങളും പിടിച്ചെടുത്തു . കൊറോണവന്നാലുള്ള കുഴപ്പം വിവരിച്ച് എത്ര ഗുണദോഷിച്ചാലും ഒരുത്തനും മനസിലാവില്ലെന്നാണ് പൊലീസുകാർ പറയുന്നത്.കാഞ്ഞിരപ്പള്ളിയിൽ റോഡിലിറങ്ങിയവരെ അടിച്ചോടിക്കുകയായിരുന്നു. പൊലീസ് പോയപ്പോൾ അടികൊണ്ടവന്മാരും തിരിച്ചിറങ്ങി.

ഇന്നലെ പൊലീസ് അയവില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. കൃത്യമായ രേഖകളില്ലാത്തവരെയെല്ലാം പൊക്കി. തിരിച്ചറിയൽ കാർഡോ മറ്റു രേഖകളോ ഇല്ലാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. ലോക് ഡൗൺ എന്ന് പിൻവലിക്കുമോ അതും കഴിഞ്ഞേ വാഹനങ്ങൾ തിരികെ നൽകുവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആറുമാസം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിക്കാവുന്ന കേസ് ഇതിന് പുറമേ വരും.

........................................................................

എന്തിനാണ് കൂട്ടുകാരനുമൊത്ത് ബൈക്കിൽ കറങ്ങുന്നതെന്ന പൊലീസുകാരുടെ ചോദ്യത്തിന് ലോക് ഡൗണിൽ ആരെങ്കിലും പുറത്തിറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാനാണെന്നായിരുന്നു ഒരു വിരുതന്റെ മറുപടി . ഇയാളുടെ കട്ടയും പുകയും പോകുംവിധം പിഴയിട്ടും വണ്ടി പിടിച്ചെടുത്തുമായിരുന്നു വീട്ടിലേക്ക് കാൽനടയായി മടക്കിയയച്ചത് .

കുപ്പിമേടിക്കാൻ ബെവറേജസിൽ പോയെന്നായിരുന്നു മറ്റു പലരുടേയും മറുപടി. ബെവറേജസ് ഔട്ട് ലെറ്റ് അടച്ചതോടെ ഈ വഴിയും അടഞ്ഞു. അക്കാരണം പറഞ്ഞ് വഴിയിൽ ഇറങ്ങുന്നവരും ഇല്ലാതായി.