അടിമാലി: അവശ്യവസ്തുക്കളുടെ പട്ടികയിൽ കാലിത്തീറ്റ ഉൾപ്പെടുത്താത്തത് ക്ഷീരമേഖലയിൽ പ്രതിസന്ധിയ്ക്ക് കാരണമാകുന്നു. അരിയുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്കൊപ്പം കാലികൾക്കുള്ള വൈക്കോലും കാലിത്തീറ്റയും ഉൾപ്പെടുത്തണമെന്നാണ് ക്ഷീരകർഷകരുടെയും ക്ഷീരസംഘം ഭാരവാഹികളുടെയും ആവശ്യം.വേനൽ കനത്തതോടെ തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവ് മൂലം അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയിരുന്ന വൈക്കോലും ക്ഷീരസംഘങ്ങൾ വഴി ലഭിച്ചിരുന്ന കാലിത്തീറ്റയുമായിരുന്നു ക്ഷീരമേഖലയെ പിടിച്ച് നിർത്തിയിരുന്നത്.അതിർത്തികൾ അടച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും വൈക്കോൽ എത്താതെയായി.ക്ഷീര സംഘങ്ങളിൽ കാലിത്തീറ്റയെത്തിയിട്ടുണ്ടെങ്കിലും അവ വീടുകളിലേക്കെത്തിക്കാൻ കർഷകർക്ക് സാധിച്ചിട്ടില്ല.കാലിത്തീറ്റ വിതരണം കൂടി അവശ്യ സർവ്വീസുകൾക്കൊപ്പം ഉൾപ്പെടുത്തണമെന്ന് കർഷകരും ക്ഷീരസംഘം ഭാരവാഹികളും ആവശ്യപ്പെടുന്നു.അടിമാലി മച്ചിപ്ലാവ് ക്ഷീരോത്പാദക സംഘത്തിൽ നിന്നും മാത്രം 400ഓളം കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്ത് പോന്നിരുന്നു.മാസത്തിൽ മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു കാലിത്തീറ്റ വിതരണം നടന്നിരുന്നത്.ജില്ലയിൽ ആകെ 186ഓളം ക്ഷീരോദ്പാതക സഹകരണ സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം ലിറ്റർ പാൽ ക്ഷീരസംഘങ്ങളിൽ പ്രതിദിനം അളക്കുന്നു.ക്ഷീരസംഘങ്ങളിൽ നിന്നും ഉൾമേഖലകളിലെ വീടുകളിലേക്ക് കാലിത്തീറ്റയെത്തിക്കണമെങ്കിൽ ഗതാഗത സൗകര്യം കൂടിയെ തീരു. ഇതിന്കാ അനുമതിയില്ല.അതിനാൽ അടിയന്തിരമായ ഇടപെടൽ അനിവാര്യമാണെ ആവശ്യമാണ് ഉയരുന്നത്.