hsptl

ചങ്ങനാശേരി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാലച്ചിറയിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിൽ ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകളും ഒരു ഡോക്ടറുടെയും നേഴ്സുമാരുടെയും മുഴുവൻസമയ സേവനവും ലഭ്യമാക്കണമെന്ന് ഇത്തിത്താനം വികസന സമിതി ആവശ്യപ്പെട്ടു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജീവിതശൈലീരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഇത്തിത്താനം നിവാസികൾക്ക് കുറിച്ചി ഗവ. ആശുപത്രിയിലെത്തി ചികിത്സ തേടാൻ ബുദ്ധിമുട്ടാണ്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന സചിവോത്തമപുരം ഗവ. ആശുപത്രിയെ സാമൂഹിക ആരോഗ്യകേന്ദ്രമാക്കി ഉയർത്തിയ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ പി.എച്ച്.സി. ഇല്ല. ഈ സാഹചര്യത്തിൽ ചാലച്ചിറ കുടുംബക്ഷേമകേന്ദ്രത്തെ പ്രാഥമിക ആരോഗ്യകേന്ദ്രമാക്കി ഉയർത്തണം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും ഡി.എം.ഒയ്ക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.