ആർപ്പൂക്കര: പഞ്ചായത്തിൽ കുടുംബശ്രീയുടെ കമ്യൂണിറ്റി കിച്ചൻ ഇന്ന് പ്രവർത്തനമാരംഭിക്കും. ഭക്ഷണ പാകം ചെയ്ത് വീട്ടിൽ എത്തിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. ദിവസവും വാർഡുതല ജാഗ്രതാ സമിതി വാർഡിലെ ജാഗ്രത സംബന്ധിച്ച് ആശയവിനിമയം നടത്തി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും.
ഭക്ഷണത്തിന് മാർഗമില്ലാത്തവർക്ക് കുടുംബശ്രീ മുഖേന ഭക്ഷണം എത്തിച്ച് കൊടുക്കും. ആവശ്യമുളളവർ 9400134292 എന്ന നമ്പരിൽ അതത് ദിവസം രാവിലെ രാവിലെ 9ന് മുമ്പ് അറിയിക്കണം. കുടിവെളളം ഉളളയിടങ്ങളിലും ഹാൻഡ് വാഷ് ക്രമീകരിച്ചിരിക്കുന്നിടത്തും എല്ലാ ദിവസവും വെളളം വിതരണം ചെയ്യും. സർക്കാർ ഉത്തരവ് പ്രകാരം അഞ്ചു സ്ഥാപനങ്ങൾ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുന്നതിന് കണ്ടെത്തി. 105-ഓളം മുറികൾ ലഭ്യമാകും. ബന്ധപ്പെട്ടവർക്ക് സെക്രട്ടറി കത്ത് നൽകി. എം.പിയും, എം.എൽ.എ യും രക്ഷാധികാരികളായും ത്രിതല ജനപ്രതിനിധികൾ, രാഷ്ട്രീയപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായുളള കൊറോണ സെൽ രൂപീകരിച്ചു. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ ഒഴിച്ച് ബാക്കിയെല്ലാ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.