പാലാ. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുകയും ദുരിതത്തിലാവുകയും ചെയ്ത കരൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ടവരെ സഹായിക്കാൻ വലവൂർ സഹകരണബാങ്ക് രംഗത്ത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും അശരണർക്കും രോഗികൾക്കും പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവർക്കും ആദ്യ ഘട്ടമായി നൂറിൽപ്പരം പേർക്ക് സാമ്പത്തിക സഹായം നേരിട്ട് നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അറിയിച്ചു. ആദ്യ ഘട്ടത്തിൽ നൂറു പേർക്ക് ആയിരം രൂപ വീതം നൽകും. ബാങ്ക് നടപ്പാക്കിവരുന്ന കാരുണ്യ സ്പർശം ചികിത്സാ സഹായ പദ്ധതി ഫണ്ടിൽ നിന്നാണ് സഹായം നൽകുന്നത്. പദ്ധതി മുഖേന 36,46,000 രൂപ ബാങ്ക് ഇതിനോടകം ചികിത്സാ സഹായമായി വിതരണം ചെയ്തിട്ടുണ്ട്.