പാലാ: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായി പാലാ ജനറൽ ജനറൽ ആശുപത്രിക്ക് പ്രാദേശിക വികസനഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ.മാണി എം.പി. അറിയിച്ചു. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവരുമായി ജോസ് കെ.മാണി നടത്തിയ ചർച്ചയെ തുടർന്നാണ് തുക വകയിരുത്തിയത്. ജില്ലയിൽ കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ രണ്ടാം ഐസലേഷൻ യൂണിറ്റായി പ്രവർത്തിക്കുന്നത് പാലാ ജനറൽ ആശുപത്രിയാണ്. ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിലാണ് കൊറോണ ഐസലേഷൻ യൂണിറ്റ് പ്രവർത്തിക്കുന്നത്. മീനച്ചിൽ, കാഞ്ഞിരപള്ളി, വൈക്കം, ഇടുക്കി ജില്ലയിലെ പീരുമേട് എന്നീ താലൂക്കുകളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് പാലാ ജനറൽ ഹോസ്പിറ്റലിനെയാണ്. ആധുനിക സംവിധാനങ്ങളോട് കൂടിയ 6 കിടക്കകളുള്ള ഐ.സി യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് പ്രധാനമായും തുക അനുവദിച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറ്റവും അടിയന്തിരമായി ആവശ്യമുള്ളതാണ് ഐ.സി യൂണിറ്റ്. നിലവിലെ സാഹചര്യത്തിൽ പാലാ ജനറൽ ആശുപത്രിയിൽ ഐ.സി.യു സൗകര്യങ്ങൾ ലഭ്യമല്ല. കൊറോണ പ്രതിരോധനടപടികൾക്ക് ശേഷവും ഈ ഐ.സി.യൂണിറ്റ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഉപയോഗിക്കാനാവും.
ജംബോ ഓക്‌സിജൻ സിലിണ്ടറുകൾ
15 ജംബോ ഓക്‌സിജൻ സിലിണ്ടറുകൾ സ്ഥാപിക്കാൻ നടപടിയായി. ഐ.സി.യു യൂണിറ്റിനും, ഓക്‌സിജൻ സിലിണ്ടുകൾക്കുമായി 36 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അഞ്ച് ഇൻഫ്രാറെഡ് തെർമോമീറ്റർ വാങ്ങുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിക്കുന്നതോടെ വളരെ വേഗത്തിൽ മതിയായ സുരക്ഷയോടെ രോഗികളുടെ താപനില അളക്കാൻ സാധിക്കും. നിലവിൽ ആശുപത്രിയിലെ ഡോക്ടർമാർക്കും, നേഴ്‌സുമാർക്കും സുരക്ഷാ സംവിധാനങ്ങൾക്കുള്ള യൂണിറ്റുകളുടെ കുറവുണ്ട്. ഈ സാഹചര്യത്തിൽ 200 പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളും നൽകും.ആവശ്യത്തിന് മാസ്‌ക്കുകൾ ഉൾപ്പെടെ വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ജോസ് കെ.മാണി എം.പി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവ ഉടൻ
ഐ.സി യൂണിറ്റ്, ഇൻഫ്രാറെഡ് തെർമോമീറ്റർ, പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണം, മാസ്‌ക്കുകൾ, ഗ്ലൗസുകൾ, സാനിറ്റൈസർ