കോട്ടയം: കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിൾ പരിശോധനയ്ക്ക് കോട്ടയത്തും സംവിധാനമായി. മഹാത്മഗാന്ധി സർവകലാശാലയുടെ തലപ്പാടി ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ചിൽ ഇന്ന് പരിശോധന ആരംഭിക്കും. കേന്ദ്രത്തിന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചാണ് അനുമതി നൽകിയിരിക്കുന്നത്. ദിവസേന അൻപതു സാമ്പിളുകൾ വരെ പരിശോധിക്കാൻ ഇവിടെ സൗകര്യമുണ്ട്. എട്ടു മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകും. നിലവിൽ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് കോട്ടയത്തുനിന്നുള്ള സാമ്പിളുകൾ പരിശോധിക്കുന്നത്. ഇവിടുത്തെ പരിശോധനയിൽ പോസിറ്റീവെന്ന് കണ്ടെത്തുന്ന സാമ്പിളുകൾ അന്തിമ സ്ഥിരീകരണത്തിനായി ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധിക്കും.