കോട്ടയം: അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ജനകീയ ഹോട്ടൽ ആരംഭിക്കുന്നു. തിരുനക്കരയിലും മെഡിക്കൽ കോളേജിനു സമീപവുമാണ് ഭക്ഷണ വിതരണ പരിപാടികൾക്കു തുടക്കം കുറിക്കുന്നത്. വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20 രൂപയുടെ ഉച്ചഭക്ഷണം ആളുകളിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കൊറോണയുടെ പശ്ചാത്തലത്തിൽ അടിയന്തരമായി പദ്ധതി ജില്ലയിലാകെ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണം വാങ്ങാൻ പണില്ലാതെ വിഷമിക്കുന്നവർക്കും സൗജന്യമായി പദ്ധതിയുടെ പ്രയോജനം ലഭിക്കും. വോളണ്ടിയർമാർ ആവശ്യാനുസരണം ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകും. നാളെ തിരുനക്കരയിൽ പ്രവർത്തനം ആരംഭിക്കുന്ന ജനകീയ ഹോട്ടൽ പദ്ധതിയ്ക്കു മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യവും ഉണ്ടാകും. ജില്ലയിൽ ഭക്ഷണം കഴിക്കാൻ ആരും ബുദ്ധിമുട്ടരുത് എന്ന ലക്ഷ്യത്തോടെയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി പദ്ധതിയ്ക്കു തുടക്കം കുറിയ്ക്കുന്നതെന്ന് അഭയം സൊസൈറ്റി ചെയർമാൻ വി.എൻ വാസവൻ പറഞ്ഞു. തിരുനക്കരയിലെ ബസന്ത് ഹോട്ടലാണ് അഭയം ഏറ്റെടുത്ത് ജനകീയ ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്. ഫോൺ - 94460303312, 9447246682.