കോട്ടയം: കൊറോണ ബാധയുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതല വിപുലീകരിക്കുന്നതിനായി ജില്ലയിൽ ഏറ്റുമാനൂരും കടുത്തുരുത്തിയിലും ഒാരോ പൊലീസ് സബ് ഡിവിഷനുകൾ രൂപീകരിക്കുന്നു. ഇതോടെ ജില്ലയിലെ ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിമാരുടെ എണ്ണം ഏഴാകും.
നിലവിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി, പാലാ സബ് ഡിവിഷനുകളാണുള്ളത്. കോട്ടയത്ത് ആർ.ശ്രീകുമാർ, ചങ്ങനാശേരിയിൽ എസ്.സുരേഷ്‌കുമാർ, പാലായിൽ ഷാജിമോൻ ജോസഫ്, വൈക്കത്ത് സി.ജി സനിൽകുമാർ, കാഞ്ഞിരപ്പള്ളിയിൽ ജെ.സന്തോഷ്‌കുമാർ എന്നിവരാണ് നിലവിലുള്ള ഡിവൈ.എസ്.പിമാർ.
പുതുതായി രൂപീകരിച്ച ഏറ്റുമാനൂർ സബ് ഡിവിഷനിന്റെ ചുമതല വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജനാണ്. അയർക്കുന്നം, ഏറ്റുമാനൂർ, ഗാന്ധിനർ എന്നീ പൊലീസ് സ്റ്റേഷനുകളാണ് ഈ സബ് ഡിവിഷന്റെ കീഴിൽ വരിക. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സേവ്യർ സെബാസ്റ്റ്യന്റെ ചുമതലയിലുള്ള കടുത്തുരുത്തി സബ് ഡിവിഷനിനു കീഴിൽ കടുത്തുരുത്തി, വെള്ളൂർ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളാണുള്ളത്. രാത്രി പട്രോളിംഗിനായി ഇൻസ്‌പെക്‌ടർമാരായ റിജോ പി.ജോസഫിനെയും എം.എം ജോസിസിനെയും പ്രത്യേകമായി നിയോഗിച്ചിട്ടുമുണ്ട്.
കൊറോണ ബാധയുടെ പശ്‌ചാത്തലത്തലത്തിൽ വിജിലൻസിൽ നിന്നും ക്രൈം ബ്രാഞ്ചിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം സർക്കാർ അനുവദിച്ചിട്ടുണ്ട്.
ജില്ലയിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ വിട്ടുവീഴ്‌ചകൾ ഉണ്ടാകില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു.