വൈക്കം: ദാരിദ്ര്യനിർമാർജന പദ്ധതികളിൽ ഒന്നായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 31 കോടി രൂപ വകയിരുത്തിയ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാർ അവതരിപ്പിച്ചു. 11,66,504 മുന്നിരിപ്പ് ഉൾപ്പെടെ 38,13,25,304 രൂപ വരവും, 37,95,22,000 രൂപ ചെലവും 18,03,304 രൂപ നീക്കിയിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് നൽകും. വിശപ്പ് രഹിത കേരളം പദ്ധതി നടപ്പിലാക്കും. ഗർഭിണികൾക്കുള്ള പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് 10 ലക്ഷം രൂപ നീക്കിവച്ചു. പൊതുവിദ്യാഭ്യാസമേഖല, ഇടയാഴം സി.എച്ച്.സിയ്ക്ക് മരുന്ന് വാങ്ങൽ, പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്ക് പോഷകാഹാരം നൽകൽ, ബാലസൗഹൃദ അംഗൻവാടികൾ, പാടശേഖരങ്ങളിൽ പെട്ടിയും പറയും മോട്ടോറും സ്ഥാപിക്കൽ, വിവിധ തോടുകളുടെ ആഴം കൂട്ടൽ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പ്, റോഡുകളുടെ പൂർത്തീകരണം, ഗ്രന്ഥശാലകളുടെ അടിസ്ഥാന സൗകര്യവികസനം, കോളനികളുടെ സമഗ്രവികസനം എന്നീ പദ്ധതികൾക്കും തുക വക കൊള്ളിച്ചിട്ടുണ്ട്. യോഗത്തിൽ പ്രസിഡന്റ് എം വൈ ജയകുമാരി അദ്ധ്യക്ഷയായി. ലീനമ്മ ഉദയകുമാർ, വി കെ രാജു, ഷീല ശശിധരൻ, ടി കെ രാജേന്ദ്രൻ, ശ്രീദേവി ജയൻ, ഭാസ്‌കരൻ മുടക്കാലിൽ, മായാ ഷാജി, അനിജി പ്രസാദ്, കെ എൻ നടേശൻ, കെ എസ് ഷിബു, സന്ധ്യമോൾ സുനിൽ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനിൽകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.