ചങ്ങനാശേരി: കൊറോണ വിതച്ച ആശങ്കയിലും ജീവനക്കാരെ ചേർത്തുപിടിച്ച് കോനാട്ട് ഗ്രൂപ്പ്. കൊറോണ പ്രതിരോധം എന്നനിലയിൽ ഷോറൂമുകൾ താൽക്കാലികമായി അടച്ചെങ്കിലും ജീവനക്കാർക്കായി വിവിധ തരത്തിലുള്ള ക്ഷേമപാക്കേജുകളാണ് കോനാട്ട് ഗ്രൂപ്പ് ഒരുക്കിയത്. സ്ഥാപനത്തിലെ 143 പേർക്കാണ് സഹായം നല്കിയത്. 1000 രൂപയുടെ കിറ്റ്, 10000 രൂപയുടെ ചികിത്സാധനസഹായം, മാർച്ച് മാസത്തെ പൂർണ്ണ ശമ്പളം എന്നിവയാണ് ജീവനക്കാർക്കായി നല്കിയത്. കറുകച്ചാൽ, ചങ്ങനാശേരി, പൊൻകുന്നം, മല്ലപ്പള്ളി, പാമ്പാടി, മുണ്ടക്കയം, പത്തനാട് തുടങ്ങി ഒൻപത് ഷോപ്പുകളിലായി 143 പേരാണ് കോനാട്ട് ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നല്കി മറ്റും സ്ഥാപനങ്ങൾക്കും മാതൃകയാവുകയാണ് കോനാട്ട് ഗ്രൂപ്പ്. തെങ്ങണ തത്ത്വമസി ചാരിറ്റബിൾ ട്രസ്റ്റ്, മർച്ചന്റ്‌സ് ചാരിറ്റബിൾ സൊസൈറ്റി കങ്ങഴ എന്നിവിടങ്ങളിലേയ്ക്ക് കോനാട്ട് ഗ്രൂപ്പ് ആംബുലൻസ് വാങ്ങിനല്കിയിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് പടിഞ്ഞാറൻ മേഖലയിലേക്ക് 12 ലക്ഷം രൂപയുടെ തുണിത്തരങ്ങളും നല്കിയിരുന്നു. മികച്ച സേവനങ്ങൾക്ക് റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ വെച്ച് ആദരിയ്ക്കുകയും ചെയ്തിരുന്നു. കൊറോണ രോഗവ്യാപന കാലത്തും കോനാട്ട് ഗ്രൂപ്പിന്റെ സാമൂഹ്യ സേവനം തുടരുകയാണ്. തൊഴിലാളികളുടെ കഷ്ടപ്പാടുകളിൽ അവരുടെ കൂടെ നിൽക്കാൻ എല്ലാ സ്ഥാപനങ്ങളും തയാറാവണമെന്ന് കോനാട്ട് ഗ്രൂപ്പ് ഉടമകൂടിയായ ഗിരീഷ് കോനാട്ട് പറഞ്ഞു.