corona

കോട്ടയം: അയ്മനംകാർക്കല്ല, ലോകത്തിൽ ആർക്കും കൊറോണ പടരല്ലേയെന്നാണ് എന്റെ പ്രാർത്ഥന. കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അയ്മനം സ്വദേശിയായ മധ്യവയസ്കന്റെ പ്രാർത്ഥനയാണിത്. ഇറ്റലിയിൽ നിന്ന് എത്തിയ ദമ്പതികൾ രോഗം ബാധിച്ചതറിയാതെ നാട്ടിൽ ഇറങ്ങിനടക്കുകയും അഞ്ഞൂറിലധികം പേരെ ഹോം ക്വാറന്റയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഏറെ വിഷമത്തിലാണ് ഇയാൾ.

തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഐസോലേഷൻ വാർഡിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും. മറ്റ് ജീവനക്കാർക്കും ഒരായിരം നന്ദി അർപ്പിക്കുകയാണ് ദമ്പതികൾ. നാലര വയസുകാരിയായ ഇവരുടെ മകൾക്ക് രോഗം ബാധിച്ചിരുന്നില്ല. എങ്കിലും മകൾ ഇവർക്കൊപ്പം ഐസൊലേഷനിൽ തന്നെ ഉണ്ടായിരുന്നു. ഇവളെ കളിപ്പിക്കാൻ ഡോ.സജിത്കുമാർ, ഡോ.ഹരികൃഷ്ണൻ, ഡോ.ആശ എന്നിവർ കളർപെൻസിലുകളും ഡ്രോയിംഗ് ബുക്കുകളും വാങ്ങി നല്കിയിരുന്നു. അതിനാൽ അവൾ ഏറെ സന്തോഷവതിയായിരുന്നു. മകളുടെ ഓരോ വരകളും ശ്രദ്ധിച്ചിരുന്ന മാതാപിതാക്കൾക്ക് ചിലനേരങ്ങളിൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഇത് ആശ്വദിക്കാൻ ഇനിയും തങ്ങൾക്കാവുമോയെന്ന ചിന്ത. പക്ഷേ, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുവാൻ സർവ്വശക്തൻ അവർക്ക് ശക്തിനല്കി. കഴിഞ്ഞ എട്ടാം തീയതിയാണ് കൊറോണ സ്ഥിരീകരിച്ചതോടെ ഇരുവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.

ഭാര്യ മാതാപിതാക്കൾക്കൊപ്പം 17 വർഷമായി ഇറ്റലിയിലാണ്. അവിടെ നഴ്സായി ജോലി ചെയ്തുവരീകയായിരുന്നു. ഭർത്താവാകട്ടെ, ദുബൈയിലും പിന്നീട് അബുദാബിയിലും നഴ്സായി ജോലി ചെയ്തു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇരുവരും. ഭാര്യാപിതാവിന്റെ വയോധികരായ മാതാപിതാക്കൾ ഐസൊലേഷൻ വാർഡിൽ തന്നെ ഉണ്ട്. ഇവരൊടൊപ്പമാണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റിലാണ് ഫലം നെഗറ്റീവ് ആയത്. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് തന്നെ. ആതോടെ രോഗം ഭേദമായെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആദ്യം നടത്തിയ അഞ്ചു ടെസ്ര്റുകളിലും ഫലം പോസിറ്റീവ് ആയിരുന്നു. രോഗം ഭേദമായെങ്കിലും 16 ദിവസംകൂടി നിരീക്ഷണത്തിൽ ഇവർക്ക് കഴിയേണ്ടതായി വരും.