കോട്ടയം: ടൂറിസ്റ്റ് മേഖല നിശ്ചലം, പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് മത്സ്യം വിറ്റഴിക്കാനാവുന്നില്ല. വേമ്പനാട്ട് കായലിൽ നിന്നും പിടിക്കുന്ന കരിമീൻ, കൊഞ്ച്, ചെമ്മീൻ തുടങ്ങിയ കായൽ മത്സ്യങ്ങൾക്ക് ഇതോടെ വിപണി ഇല്ലാതായി. കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കാണ് കൂടുതലായി കായൽ മത്സ്യങ്ങൾ പോയിരുന്നത്. കൂടാതെ ഹോം സ്റ്റേകളും മത്സ്യം കൂടുതലായി വാങ്ങിയിരുന്നു. അവർക്ക് വില പ്രശ്നമായിരുന്നില്ല. ഹോട്ടലുകളും തട്ടുകടകളും അടഞ്ഞതും മത്സ്യത്തിന്റെ വില കുത്തനെ താഴ്ത്താൻ ഇടയാക്കി. സാധാരണക്കാരാവട്ടെ വലിയ വില നല്കി കരിമീനും കൊഞ്ചും ചെമ്മീനും വാങ്ങാൻ തയാറാവുന്നില്ല. ഹൗസ് ബോട്ടുകളും നിശ്ചലമായതോടെ കരിമീൻ, കൊഞ്ച്, ചെമ്മീൻ എന്നിവയുടെ വിലയും മൂക്കുകുത്തി. ഒരു ദിവസം 40 കിലോ കരിമീൻ വരെ വാങ്ങുന്ന ഹൗസ് ബോട്ടുകാരുണ്ട് കുമരകത്ത്.
എ-ക്ലാസ് കരിമീന് 500 രൂപയ്ക്കുമേൽ വിലയുണ്ടായിരുന്നു രണ്ടാഴ്ച മുമ്പ്. അത് ഇപ്പോൾ 300 രൂപയിലേക്ക് താഴ്ന്നു. വലുപ്പം കുറഞ്ഞ ബി-ക്ലാസ്, സി-ക്ലാസ് കരിമീനിന് 300 രൂപയിലും താഴെയാണ് വില.
കൊഞ്ചിന്റെ സീസൺ കഴിഞ്ഞതിനാൽ ഇത് കാര്യമായി കിട്ടാനില്ല. ചെമ്മീനാവട്ടെ വലുതിന് വില 300 രൂപയാണ്. ചെറുതിന് 200 മുതൽ 275 രൂപ വരെയാണ് വില. കക്കാ ഇറച്ചിക്ക് ആവശ്യക്കാരുണ്ടെങ്കിലും എത്തിക്കാൻ കഴിയാത്തതിനാൽ തൊഴിലാളികൾ വാരാൻ പോവുന്നില്ല.
ഐസ് ഫാക്ടറികൾ അടഞ്ഞതോടെ മത്സ്യം സൂക്ഷിക്കാൻ കടക്കാർക്ക് സാധിക്കുന്നില്ല. അതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ പിടിച്ചുകൊണ്ടു വരുന്ന കായൽ മത്സ്യം അപ്പോൾതന്നെ വിറ്റഴിക്കുകയാണ്. കൂടാതെ പെട്ടിഓട്ടോറിക്ഷകളും മറ്റ് മത്സ്യം കയറ്റിയിരുന്ന വാഹനങ്ങളും ഓടാൻ കൂട്ടാക്കുന്നില്ല. ചുരുക്കത്തിൽ കായൽ മത്സ്യത്തിന് ഇപ്പോൾ ശനിദശയാണ്.