കാഞ്ഞിരപ്പള്ളി : 45 വർഷം മുമ്പ് കണ്ടുമുട്ടി സുഹൃത്തുക്കളായി പിന്നെ മൂന്നു വഴിക്കു പിരിഞ്ഞു. കാലം അവരെ വീണ്ടും ഒന്നിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്‌സ് കോളേജിൽ അദ്ധ്യാപകരായി. പക്ഷേ ഇന്നവർക്ക് വീണ്ടും പിരിഞ്ഞേ മതിയാകൂ. പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ഫിലിപ്പ്, വൈസ് പ്രിൻസിപ്പലും സസ്യശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ.ജോജോ ജോർജ്ജ്, ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ജെ.സി.കാപ്പൻ എന്നിവരാണ് അദ്ധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്. ചങ്ങനാശേരിയിൽ ഒരു ക്യാമ്പിൽ കണ്ടുമുട്ടി സുഹൃത്തുക്കളായി തീർന്ന മൂവരും വിവിധ വഴികളിലൂടെ സഞ്ചരിച്ച് വീണ്ടും സെന്റ് ഡൊമിനിക്‌സിൽ ഒന്നിക്കുകയായിരുന്നു. പ്രിൻസിപ്പൽ റവ. ഡോ.ജയിംസ് ഫിലിപ്പ് വണ്ടൻമേട് ഇലഞ്ഞിപ്പുറം കുടുംബാംഗമാണ്. സെന്റ് ഡൊമിനിക്‌സിന്റെ പൂർവ വിദ്യാർത്ഥിയായിരുന്നു. പൂനെയിൽ ഉന്നത പഠനം പൂർത്തിയാക്കി വൈദികനും 1997ൽ കോളജിലെ അദ്ധ്യാപകനുമായി. അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകൾ സംഘടിപ്പിക്കുകയും കോളേജിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്തു. 2017ൽ പ്രിൻസിപ്പലായി നിയമിതനായി. ഡോ.ജോജോ ജോർജ്ജ് 1988ൽ കോളേജിൽ അദ്ധ്യാപകനായി ചേർന്നു. കോളേജ് ഗവേണിംഗ് ബോർഡംഗമാണ്. ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ ഭരണ സമിതികളിൽ അംഗമാണ്. സർവ്വകലാശാല സെനറ്റംഗം, ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2017 മുതൽ വൈസ് പ്രിൻസിപ്പൽ ചുമതല വഹിക്കുന്നു. എലിക്കുളം ഏറത്തു കുടുംബാംഗമാണ്. ഭാര്യ അനിത ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂൾ അദ്ധ്യാപികയാണ്. പ്രൊഫ. ജെ. സി. കാപ്പൻ യു.എ.ഇയിലെ ബ്രിട്ടീഷ് ബാങ്കിൽ ഓഫീസറായി 10 വർഷത്തെ സേവനത്തിന് ശേഷമാണ് 1998 ൽ സെന്റ് ഡൊമിനിക്‌സിലെ ഇംഗ്ലീഷ് അദ്ധ്യാപകനായത്. മികച്ച കലാകാരനും സംഘാടകനുമാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫോർ കരിയർ എന്നീ മേഖലകളുടെ ആദ്യകാല വക്താവാണ്. സാമൂഹ്യ പ്രവർത്തനരംഗത്തും സജീവമാണ്. ഭാര്യ അഞ്ജു.