ചങ്ങനാശേരി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും വസതിയിലിരുന്ന് ഫോൺകോളുകളിലൂടെ തന്റെ കർത്തവ്യം നിറവേറ്റുന്നതിന്റെ തിരക്കിലാണ് ചങ്ങനാശേരി എം.എൽ.എ സി.എഫ്. തോമസ്. ലോക്ക്ഡൗൺ സമയത്തെ പ്രവർത്തനത്തെക്കുറിച്ച് അദ്ദേഹം കേരളകൗമുദിയോട് സംസാരിക്കുന്നു...
വീടിനുള്ളിൽ കഴിയുമ്പോഴും പ്രവർത്തനങ്ങൾ എങ്ങനെ ?
കൊറോണ എന്ന വിപത്തിനെതിരെ നാടൊന്നാകെ പൊരുതുന്ന സമയമാണിത്. വീട്ടിലിരുന്ന് തന്നെ കാര്യങ്ങൾ നേരിട്ടന്വേഷിക്കുന്നുണ്ട്. ചങ്ങനാശേരി ടൗണിലും അഞ്ച് പഞ്ചായത്തുകളിലുമായി ക്വാറൈന്റെനിൽ നിരവധി പേർ കഴിയുന്നുണ്ട്. തദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും അവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്യുന്നുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ ?
നാട്ടിലേക്ക് തിരിച്ച് പോകാൻ സാധിക്കാത്ത വലിയൊരു ശതമാനം ഇതരസംസ്ഥാന തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയുന്നു. കഴിഞ്ഞ ദിവസം പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ്, ചങ്ങനാശേരി തഹസിൽദാർ എന്നിവരുമായി ചേർന്ന് പ്രത്യേക കോൺഫറൻസ് ജില്ലാ കളക്ടർ വിളിച്ചു ചേർത്തിരുന്നു. ജില്ലാ ലേബർ വകുപ്പിനാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രത്യേക ചുമതല. നിലവിലെ അവസ്ഥയിൽ ഇവരെ നാട്ടിലേക്ക് അയക്കില്ല. ഇവർക്കുള്ള സുരക്ഷ ഏർപ്പെടുത്തും.
കാർഷികമേഖലയിലെ പ്രശ്നങ്ങൾ ?
ഈ സാഹചര്യത്തിൽ കർഷകർക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. നെല്ല് കൊയ്യാൻ ആവശ്യമായ മെഷീനുകൾ ലഭിക്കാത്തത്, കൊയ്ത നെല്ല് ഏറ്റെടുക്കുവാൻ മില്ലുകാർ എത്താത്തത് തുടങ്ങിയവയ്ക്കുള്ള പരിഹാരമാർഗം തേടാൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. കൊയ്ത നെല്ല് സൂക്ഷിക്കാൻ പഞ്ചായത്ത് സമിതികൾ ഗോഡൗണുകൾ അന്വേഷിക്കുന്നു. സൗജന്യ കുടിവെളള വിതരണത്തിന് നടപടിയായിട്ടുണ്ട്.
കൊറോണ പോലെ ഓർമ്മയിലുള്ള മറ്റു ദുരന്തങ്ങൾ ?
ഇത്രയും വലിയൊരു ഭീകരമായ അവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഇത് നമ്മുടെ നിയന്ത്രണത്തിനും അതീതമായതാണ്.
2018ലെ പ്രളയമായിരുന്നു ഓർമ്മയിലുള്ള വലിയ ദുരന്തം. അന്നന്നത്തെ വേതനം കൊണ്ട് കുടുംബംപുലർത്തുന്ന സാധാരണക്കാരായ നിരവധി ആളുകളുണ്ട്. സർക്കാരുകൾ വാഗ്ദാനം ചെയ്ത വാഗ്ദാനം ചെയ്തിരിക്കുന്ന ആശ്വാസസഹായം എത്രയും വേഗം അർഹതപ്പെട്ട കൈകളിലെത്തിക്കണം.