abh

കോട്ടയം: പ്രളയകാലത്ത് ജീവകാരുണ്യപ്രവർത്തനത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ അഭയം ചാരിറ്റബിൾ സൊസൈറ്റി കൊറോണ പ്രതിരോധപ്രവർത്തനങ്ങളിലും സജീവമായി രംഗത്ത് .

ചെങ്ങളത്തുള്ള രണ്ട് കൊറോണ രോഗികളെ പൊതുസമൂഹം ഒറ്റപ്പെടുത്തിയപ്പോൾ അവരെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കിയത് അഭയം രക്ഷാധികാരി വി.എൻ.വാസവനായിരുന്നു . കൊറോണക്കെതിരായ അഭയത്തിന്റെ പോരാട്ടത്തിന്റെ തുടക്കം അതാണ്.

തിരുവാർപ്പ് , കുമരകം പഞ്ചായത്തുകളിൽ നിരീക്ഷണത്തിലായ 71 കുടുംബങ്ങൾക്ക് സൗജന്യമായി പലചരക്ക് , പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഒരു ലക്ഷത്തോളം തൂവാലകൾ കോറോണ പ്രതിരോധ പ്രവർത്തനത്തിന് കൈമാറി . ആയിരത്തിലധികം ലിറ്റർ സാനിറ്റൈസറും ഹാൻഡ് വാഷും മൂവായിരം മാസ്കുകളും ജില്ലയിൽ വിതരണം ചെയ്തു. ഹോട്ടലുകൾ അടച്ചതോടെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ രോഗികളും കൂട്ടിരിപ്പുകാരുമായ 1500 പേർക്കാണ് സൗജന്യഭക്ഷണം വിളമ്പിയത്. നൂറിലധികം ഹെൽപ്പ് ഡസ്ക്കുകൾ ,150 ഹാൻഡ് വാഷ് കോർണറുകൾ, രോഗികൾക്കായി ആംബുലൻസ്, മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലേക്ക് പഴങ്ങൾ, കുമരകം, ചെങ്ങളം.തിരുവാർപ്പ്, അയ്മനം, പനച്ചിക്കാട്, പാമ്പാടി, എന്നിവിടങ്ങളിൽ ബോധവത്ക്കരണ ക്യാമ്പും ഹൗസ് കാമ്പയിനും , വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വായിക്കാൻ പുസ്തകങ്ങൾ ,101 ഹെൽപ്പ് ഡസ്കുകൾ , പനി.ചുമ ,ശ്വാസംമുട്ടൽ എന്നിവ ഉള്ളവർക്ക് സൗജന്യമായി മാസ്ക് . ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശ മനുസരിച്ചുള്ള സൗജന്യലഘുലേഖ ...ഇങ്ങനെ എണ്ണമറ്റ സേവന പ്രവർത്തനങ്ങളിലൂടെ ഒരു സന്നദ്ധ സംഘടന എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ മാതൃകയാവുകയാണ് അഭയം.

'കഴിഞ്ഞ പ്രളയകാലത്ത് പടിഞ്ഞാറൻ മേഖലകളിൽ ഒറ്റപ്പെട്ടുപോയവരെ ടോറസുകളിലായിരുന്നു ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ച് ഭക്ഷണവും വസ്ത്രവും നൽകി സംരക്ഷിച്ചത്. കൊറോണക്കാലത്തും മത രാഷ്ടീയ വ്യത്യാസമില്ലാതെയുമാണ് അഭയത്തിന്റെ ജീവകാരുണ്യ പ്രവർത്തനം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും പണമില്ലാതെ വിഷമിക്കുന്നവർക്കും സൗജന്യമായും അല്ലാത്തവർക്ക് 20 രൂപയ്ക്കും വീടുകളിലും ഭക്ഷണം എത്തിച്ചു നൽകും. ജില്ലയിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ആരും ബുദ്ധിമുട്ടരുതെന്ന സാമൂഹ്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ് അഭയത്തിന്റെ ഭക്ഷണ വിതരണം. കൊറോണ കെടുതിയിലുള്ള ആർക്കും അഭയത്തിന്റെ സഹായം തേടാം...'

വി.എൻ.വാസവൻ, അഭയം രക്ഷാധികാരി

വിളിക്കാം: 9447050543

9447246682