മുതിർന്ന പൗരന്മാരോടുള്ള പൊലീസിന്റെ കരുതൽ
പാലാ : കൊറോണ കാലത്ത് മുതിർന്ന പൗരന്മാരോടുള്ള പാലാ പൊലീസിന്റെ കരുതൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പാലാ എസ്.ഐ ഷാജി സെബാസ്റ്റ്യനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. പാലായിൽ ഒറ്റയ്ക്ക് താമസിക്കുന്ന 80 വയസുള്ള റിട്ട.അദ്ധ്യാപികയ്ക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അത്യാവശ്യത്തിന് ബാങ്കിൽ നിക്ഷേപിച്ച പണം എടുക്കാനായില്ല. ഇത് എടുക്കുന്നതിനായി ടാക്‌സി വിളിക്കാൻ പൊലീസ് അനുമതി ലഭ്യമാക്കണമെന്നാവശ്യവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഭാരവാഹികളെ അദ്ധ്യാപിക വിളിച്ചു. ഇക്കാര്യം എസ്.ഐ ഷാജി സെബാസ്റ്റ്യനെ ചെയർമാൻ എബി അറിയിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് കൂടുതൽ കരുതൽ ആവശ്യമാണെന്ന് മനസിലാക്കിയ എസ്.ഐ ഇക്കാര്യം പൊലീസ് ചെയ്തു കൊള്ളാമെന്നേറ്റു. തുടർന്ന് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, സി.ഐ സുരേഷ് വി.എ എന്നിവരുടെ നിർദ്ദേശാനുസരണം സ്വന്തം വാഹനത്തിൽ അദ്ധ്യാപികയുടെ വീട്ടിലെത്തി ചെക്ക് വാങ്ങി ബാങ്കിൽ നിന്ന് പണമെടുത്ത് വീട്ടിലെത്തിച്ച് നൽകുകയായിരുന്നു. മാതൃകാപരമായ നടപടിയെ ജോസ്.കെ.മാണി എം.പി, മാണി സി കാപ്പൻ എം.എൽ.എ എന്നിവർ അഭിനന്ദിച്ചു. ഇത്തരം കാരുണ്യ പ്രവർത്തികൾ നടത്തുന്ന പൊലീസുകാരെ പിന്നീട് ആദരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. കടപ്ലാമറ്റം സ്വദേശിയായ എസ്.ഐ ഷാജി സെബാസ്റ്റ്യൻ ദീർഘകാലം രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തു. ഇപ്പോൾ പാലാ പൊലീസ് സ്റ്റേഷനിൽ കോവിഡ് 19 കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നു. ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കിയ അന്വേഷണ സംഘത്തിൽ ഇദ്ദേഹവും അംഗമായിരുന്നു.