ചങ്ങനാശേരി : ഭക്ഷണത്തിനു ഇനി മുട്ടുണ്ടാകില്ല, ചങ്ങനാശേരി നഗരസഭയിൽ കമ്മ്യൂണിറ്റി കിച്ചന് തുടക്കമായി. മൂന്ന് നേരം വീതമാണ് ആഹാരം ഒരുക്കുന്നത്. കമ്മ്യൂണിറ്റി കിച്ചൻ കഴിഞ്ഞ ദിവസം ഭാഗികമായി ആരംഭിച്ചിരുന്നു. ഇന്നലെ പ്രവർത്തനം പൂർണ്ണസജ്ജമായി. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ 80 ഓളം പേർക്ക് പ്രഭാത ഭക്ഷണവും, 100 ഓളം പേർക്ക് ഉച്ചഭക്ഷണവും വൈകിട്ട് കഞ്ഞിയും നല്കി. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ആക്ടിംഗ് ചെയർമാൻ അനിൽകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ഭക്ഷണം വിതരണം ചെയ്തു.
പാചകം
നഗരസഭ കെട്ടിടത്തിനോട് ചേർന്നുള്ള കാന്റീൻ കിച്ചനാണ് കമ്മ്യൂണിറ്റി കിച്ചനായി ഉപയോഗിക്കുന്നത്. നഗരസഭ ജീവനക്കാർ, കാന്റീൻ നടത്തിപ്പുകാർ, നഗരസഭ ആരോഗ്യവിഭാഗം എന്നിങ്ങനെ ആറ് പേരാണ് പ്രവർത്തിക്കുന്നത്. എല്ലാ വാർഡുകളിലും എത്രപേർക്ക് ഭക്ഷണം ലഭിക്കണം, ഏത് ഭക്ഷണം എന്നത് അറിയിക്കുന്നതിനുള്ള കാലതാമസം പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി അതാത് വാർഡുകളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
വിതരണം വോളന്റിയേഴ്‌സ്
വാർഡുകളിൽ തിരഞ്ഞെടുക്കപ്പെട്ട വോളന്റയേഴ്‌സാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷണം ലഭിക്കേണ്ടവരുടെ ലിസ്റ്റ് ഇവരുടെ പക്കലുണ്ട്.
പ്രവർത്തനം
ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സാധന സാമഗ്രികൾ നഗരസഭയുടെ ഫണ്ടിൽ നിന്നാണ് എടുക്കുന്നത്. സാധനങ്ങൾക്കായി സപ്ലൈകോയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രഭാത ഭക്ഷണം ദോശ,ഉച്ചയ്ക്ക് തോരൻ, സാമ്പാർ, അച്ചാർ, കൂട്ടുകറി, മീൻകറി, ചോറ്,വൈകിട്ട് കഞ്ഞി എന്നിവയാണ് മെനു. എല്ലാ ദിവസവും രാവിലെ 8 ന് കിച്ചൻ പ്രവർത്തനം ആരംഭിക്കും.