കോട്ടയം : ലോക്ക് ഡൗണിൽ ഒരാൾ പോലും പട്ടിണികിടക്കരുതെന്ന ലക്ഷ്യവുമായി എല്ലാവർക്കും ഭക്ഷണം എത്തിക്കാൻ നഗരസഭയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. നഗരസഭ ഓഫീസിലെ കാന്റീനിലാണ് കിച്ചൺ പ്രവർത്തിക്കുന്നത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും, വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന 125 പേരെ കഴിഞ്ഞ ദിവസം തിരുവാതുക്കലിലെ കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചിരുന്നു. ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ കുറച്ചുപേരെ വയസ്‌കരയിലെ മോഡൽ സ്‌കൂളിലേക്ക് മാറ്റും. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നഗരസഭ അംഗങ്ങൾ നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് വിതരണം. കൂടാതെ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 20 രൂപയ്ക്ക് ഭക്ഷണം പാഴ്സലായി ലഭിക്കും.
ഭക്ഷണം ഉറപ്പാക്കും
നഗരത്തിൽ ഭക്ഷണമില്ലാത്ത ഒരാൾ പോലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കൃത്യമായി ഭക്ഷണം വിതരണം നടത്തുകയാണ് കമ്മ്യൂണിറ്റി കിച്ചണിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ആർക്കും നഗരസഭയുടെ കിച്ചണുമായി ബന്ധപ്പെട്ട് ഭക്ഷണം ഉറപ്പാക്കാം.
ഡോ.പി.ആർ സോന
നഗരസഭ അദ്ധ്യക്ഷ