പാലാ : മീനച്ചിൽ പഞ്ചായത്തിൽ നിത്യോപയോഗ സാധനങ്ങൾ വീടുകളിലെത്തിക്കാൻ പൈകയിലെ പത്ത് കടക്കാർ റെഡി. മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറി എം.സുശീലും പൈകയിലെ വ്യാപാരികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനം. ആവശ്യക്കാർ ഫോൺ വിളിച്ചാൽ സാധനങ്ങളുമായി കടക്കാർ വീടുകളിലെത്തും. ക്രൈസ്തവ സഭ നവീകരണ വാദി അന്തരിച്ച ജോസഫ് പുലിക്കുന്നേൽ സ്ഥാപിച്ച ഇടമറ്റത്തെ ഓാശാന മൗണ്ട് കെട്ടിട സമുച്ചയം ഉടമകൾ ഐസോലേഷൻ കേന്ദ്രമാക്കാൻ മീനച്ചിൽ പഞ്ചായത്തിന് വിട്ടുകൊടുത്തു. ഐസൊലേഷൻ കെയർസെന്ററായി ഓശാന പാലിയേറ്റീവ് കെയറാണ് ഏറ്റെടുക്കുന്നത്. 4000 അടി വിസ്തീർണ്ണമുള്ള മൂന്ന് ഹാളുകളും,ബാത്ത് അറ്റാച്ചഡ് സൗകര്യമുള്ള 15 മുറികളും ഇവിടെയുണ്ട്. ഓശാന മൗണ്ട് ഡയറക്ടർ ഡോ.ജോസഫ് സ്‌കറിയാ എല്ലാ സൗകര്യങ്ങളും വിട്ടു നൽകുവാൻ തയ്യാറാണന്ന് മീനച്ചിൽ പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു.
മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ്, സെക്രട്ടറി എം.സുശീൽ,ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഹോം ക്വാറന്റൈനിൽ കഴിയുന്ന ഭക്ഷണ സൗകര്യമില്ലാത്തവർക്ക് ഭക്ഷണം എത്തിക്കുന്നതിന് ഇവിടുത്തെ അടുക്കളയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സെക്രട്ടറി എം. സുശീൽ അറിയിച്ചു.