പാലാ : നഗരത്തിലുള്ള നിർദ്ധനർക്കും നിരാലംബർക്കും കൊറോണ കാലത്ത് വിശപ്പില്ലാതെ ജീവിക്കാൻ നഗരസഭ പദ്ധതിക്ക് രൂപം കൊടുത്തു. വലിയപാലത്തിന് സമീപം പ്രവർത്തിക്കുന്ന നഗരസഭയുടെ ന്യായവില ഭക്ഷണശാലയിൽ നിന്ന് ഇന്ന് രാവിലെ മുതൽ 5 രൂപയ്ക്ക് ഇഡ്ഡലി വിതരണം ചെയ്യും. പാത്രവുമായി എത്തുന്നവർക്ക് പാഴ്‌സലായാണ് ഇഡ്ഡലി നൽകുക. രാവിലെ 7 മുതൽ വിതരണം ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക് , വൈസ് ചെയർമാൻ കുര്യാക്കോസ്പടവൻ എന്നിവർ അറിയിച്ചു. ഭക്ഷണം പണം മുടക്കി കഴിക്കാൻ നിവൃത്തിയില്ലാത്തവർക്ക് സൗജന്യമായി നൽകാനും തീരുമാനിച്ചു. എത്രപേർ വന്നാലും സൗജന്യമായി നൽകുമെന്നാണ് നഗരസഭ അറിയിച്ചത്.
കടകളിൽ എത്താൻ കഴിയാത്ത പാലിയേറ്റീവിലുള്ളവർക്കും മറ്റ് ആശ്രയമില്ലാത്തവർക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വീടുകളിൽ എത്തിച്ചു നൽകും. ന്യായവില ഭക്ഷണശാലയിൽ നിന്ന് ഉച്ചയ്ക്ക് 12 മുതൽ 20 രൂപ നിരക്കിൽ പൊതിച്ചോറ് വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്.
കിടപ്പ് രോഗികൾക്ക് മരുന്നും കഴിക്കേണ്ട വിധവും ആശാപ്രവർത്തകർ വീട്ടിലെത്തി നൽകുന്നതിന് നഗരസഭ നടപടി ആവിഷ്‌കരിച്ചിട്ടുണ്ട്. ആശാപ്രവർത്തകർക്കുള്ള പ്രതിഫലം നഗരസഭ നൽകും. ആശാപ്രവർത്തകരുടെ റിപ്പോർട്ട് ഓരോ ദിവസവും നഗരസഭ അവലോകനം ചെയ്യും. ദിവസവും രാവിലെ 11 നും വൈകിട്ട് നാലിനും പദ്ധതി പുരോഗതി വിലയിരുത്തും.