പാലാ : ജനറൽ ആശുപത്രിയിൽ എല്ലാവിധ രോഗങ്ങൾക്കുമുള്ള ചികിത്സ ലഭ്യമാണെന്ന് സൂപ്രണ്ട് അഞ്ജു സി. മാത്യു അറിയിച്ചു. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശുപത്രിയിലേക്ക് എത്താൻ ഭയപ്പെടുന്നതിന്റെയും തെറ്റിദ്ധാരണകൾ പരക്കുന്നതിന്റെയും ഭാഗമായാണ് സൂപ്രണ്ടിന്റെ അറിയിപ്പ്. എല്ലാവിധ ചികിത്സയും ആശുപത്രിയിലുണ്ട്. പനിക്കായി പ്രത്യേക ക്ലിനിക് തുറന്നിട്ടുണ്ട്. ഇവർക്ക് ഒ.പി ടിക്കറ്റ് ആവശ്യമില്ല. നേരിട്ട് ഡോക്ടറെ കാണാം. കൊറോണ രോഗികൾക്കായി ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും പാലായിൽ ആരും ചികിത്സയിലില്ല. നിരീക്ഷണത്തിലുള്ളവർ വീടുകളിൽ കഴിയുകയാണ്.
ചെറിയ അസുഖങ്ങളുള്ളവർ പുതിയ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് എത്തേണ്ടതില്ല. സാധാരണ രോഗികൾക്ക് പരിമിതമായ നിയന്ത്രണങ്ങളുണ്ടെങ്കിലും അത്യാഹിത വിഭാഗത്തിൽ എപ്പോഴും പ്രവേശനമുണ്ട്. ആവശ്യമായ എല്ലാ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാണെന്നും ഡോ.അഞ്ജു സി. മാത്യു അറിയിച്ചു. ലഭ്യമല്ലാത്ത ചില മരുന്നുകൾ പ്രാദേശിക സ്ഥലങ്ങളിൽ നിന്ന് വാങ്ങിവച്ചിട്ടുണ്ടെന്നും അവശ്യസാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്തുമെന്നും അവർ അറിയിച്ചു.
ഒരുമാസത്തേക്ക് സൗജന്യ മരുന്ന്
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് ഒരു മാസത്തേക്ക് സൗജന്യമായി ആശുപത്രിയിൽ നിന്ന് മരുന്ന് വിതരണം ചെയ്യുമെന്നും സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെത്തുന്നവർ കൃത്യമായി മുൻകരുതലുകൾ പാലിക്കണം. എല്ലാവരും തൂവാല കരുതണം. മുഖവും വായും മറക്കുന്നവിധം കെട്ടിയാവണം ആശുപത്രിലേക്ക് പ്രവേശിക്കേണ്ടത്. ഡോക്ടറെ കാണുന്നതിന് മുമ്പും ശേഷവും കൈ നന്നായി സോപ്പിട്ട് കഴുകിയിരിക്കണം. ഇതിനുള്ള സൗകര്യം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.