പൊൻകുന്നം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധസംഘടനകളും രാഷ്ട്രീയകക്ഷികളും പോഷകസംഘടനകളും മത്സരിച്ച് രംഗത്തിറങ്ങി. എല്ലാവരും സന്നദ്ധസേവകരാണ്. പഞ്ചായത്ത് മെമ്പർമാരടക്കമുള്ള ജനപ്രതിനിധികളും രംഗത്തുണ്ട്. എല്ലാം നല്ലതു തന്നെ. എന്നാൽ അതിൽ ചിലരെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായാണ് നാട്ടുകാർക്ക് ആക്ഷേപം. സോപ്പ് കൊടുത്തുകൊണ്ടായിരുന്നു തുടക്കം. നൂറുശതമാനം ആത്മാർത്ഥതയോടെയാണ് സേവനം.അതുകൊണ്ടുതന്നെ സേവനം ചെയ്യുന്നത് ആരാണെന്നുള്ള കാര്യം ജനം അറിയണമെന്നും അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
സേവനം ചെയ്യുന്നതിനുമുമ്പും അതിനുശേഷവും പത്രങ്ങളെയും ദൃശ്യമാദ്ധ്യമങ്ങളേയും വിളിച്ചറിയിക്കാൻ പലരും മറക്കാറില്ല. ചിത്രങ്ങൾ പത്രം ഓഫീസുകളിലെത്തിക്കുന്ന കാര്യത്തിലും ഒരു വീഴ്ചയും ഉണ്ടാകാറില്ല. ചില ഗ്രാമപഞ്ചായത്ത് മെമ്പർമാർ സ്വന്തം വാർഡിനേക്കാൾ പരിഗണന കൊടുക്കുന്നത് തൊട്ടടുത്തുള്ള വാർഡിനാണ്. വാർഡുകൾ ഓരോതവണയും വനിതാവാർഡും ജനറൽവാർഡുമായി മാറിമറിയുന്നതുകൊണ്ട് അടുത്ത തവണ തൊട്ടടുത്തുള്ള വാർഡിലേക്ക് മാറാനൊന്നുമല്ല ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അസൂയക്കാർ അങ്ങിനെ പറയുമെങ്കിലും.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചില സംഘടനകളെത്തി മാസ്‌ക് വിതരണം ചെയ്തു. ചിലർ സാനിറ്റൈസർ കൊടുത്തു. മറ്റു ചിലർ പൊതിച്ചോറ് കൊടുത്തു. ഇതിന്റെയെല്ലാം പടം കൃത്യമായി പത്രം ഓഫീസുകളിലെത്തിക്കുകയും ചെയ്തു. നേതാവിന്റെ ചിരിക്കുന്ന മുഖം, കൂടെ പരിവാരങ്ങളും. കൊറോണ വന്നതുകൊണ്ട് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് നേരത്തെ അറിയാൻ കഴിഞ്ഞെന്നാണ് നാട്ടുകാരുടെ കമന്റ്.
ഇത്രയൊക്കെയായിട്ടും അർഹതപ്പെട്ടവർക്ക് ആഹാരം കിട്ടുന്നില്ലെന്നാണ് ആക്ഷേപം. നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ പട്ടിണിയിലാണ്. ഇന്നലെയാണ് അവരിൽ ചിലർക്കെങ്കിലും ഒരു നേരത്തെ ആഹാരം കിട്ടിയത്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിൽനിന്ന്.
പ്രളയം വന്നപ്പോഴും ഇത്തരം ചില പ്രകടനങ്ങൾ നാട്ടുകാർ കണ്ടതാണ്. പ്രളയം എത്രനാൾ നിൽക്കും, എന്തൊക്കെ സംഭവിക്കും, രക്ഷപ്പെടാനുള്ള മാർഗ്ഗം ഇക്കാര്യങ്ങളിലൊക്കെ മനുഷ്യന് ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു.അതൊക്കെ ഏറെക്കുറെ ശരിയുമായിരുന്നു. കാരണം പ്രളയംപോലുള്ള ദുരന്തങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.അതിനെയൊക്കെ അതിജീവിച്ചിട്ടുമുണ്ട്. എന്നാൽ കൊറോണ എന്ന മഹാമാരി എങ്ങനെയാകുമെന്ന് കണ്ടുതന്നെ അറിയണം.