കോട്ടയം : ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിപൂർത്തീകരിക്കുന്നതിനുള്ള കാലാവധി രണ്ടുമാസത്തേക്ക് ദീർഘിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. വികസന - ക്ഷേമ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം പദ്ധതി തുക ചെലവഴിക്കുന്നതിനും കഴിയുന്നില്ല. സ്പിൽ ഓവർ അനുവദിക്കുന്നില്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. അടിയന്തര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ പദ്ധതി തുകയിൽ പൂർത്തീകരിക്കപ്പെടാത്ത പ്രവർത്തികളുടെ തുക സ്പിൽ ഓവറായി അനുവദിച്ചു നൽകണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ധനകാര്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.