കോട്ടയം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാത്തതിൽ കുമരകത്തുകാർക്ക് ആശങ്കയില്ല. അവശ്യ സാധനങ്ങളും മരുന്നുമൊക്കെ വാങ്ങി വീട്ടിലെത്തിക്കാൻ അജയനും 'ചങ്ങാതി' ആട്ടോറിക്ഷയുമുണ്ട്. ആട്ടോ ചാർജ് കൊടുക്കേണ്ട. എത്ര നിർബന്ധിച്ചാലും അജയൻ വാങ്ങുകയുമില്ല.
അവശ്യ സാധനങ്ങളുടെ ലിസ്റ്റ് വീട്ടുകാർ കടകളിൽ അറിയിച്ചാൽ അജയൻ സാധനങ്ങൾ സ്വന്തം ആട്ടോയിൽ എത്തിക്കും. സാധനങ്ങളുടെ ലിസ്റ്റ് അജയന്റെ വാട്സ് ആപ്പിലിട്ടാലും മതി. സാധനങ്ങളെത്തിച്ച് ബില്ലിലെ തുക വാങ്ങി കടകളിൽ കൊടുക്കും.
ഇന്നലെ വൈകിട്ട് അഞ്ചു മണിക്കുള്ളിൽ അജയൻ കുമരകത്തും പരിസരത്തുമുള്ള ഇരുപത്തിയഞ്ച് വീടുകളിൽ അത്യാവശ്യ സാധനങ്ങൾ എത്തിച്ചു. കൊറോണക്കാലത്ത് ബന്ധുക്കൾ പോലും അകന്നു നിൽക്കുമ്പോൾ അജയന്റെ സുമനസിന് നന്ദിയായി പെട്രോൾ കാശെങ്കിലും വാങ്ങാൻ ചിലർ പറഞ്ഞിട്ടും സ്വീകരിച്ചില്ല. നിറചിരിയുമായി അടുത്ത വീട്ടിലേക്കും കടയിലേക്കും ഓടുകയാണ് നാട്ടാരുടെ സ്വന്തം ചങ്ങാതി.
അജയന്റെ സേവനത്തിന്റെ തുടക്കമിങ്ങനെ - വീട്ടുസാധനങ്ങൾ ആട്ടോ ചാർജു വാങ്ങാതെ എത്തിച്ചു കൊടുക്കാൻ താത്പര്യമുണ്ടെന്ന് അജയൻ കുമരകം പഞ്ചായത്ത് പ്രസിഡന്റ് സലിമോനോട് പറഞ്ഞു. അജയന്റെ ഫോൺ നമ്പർ ഉൾപ്പെടെ സലിമോൻ സമഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കുമരകം പൊലീസ് പ്രത്യേക പാസും നൽകി.
കുമരകത്തിന് സമീപം ചെങ്ങളത്തുള്ളവരായിരുന്നു ഇറ്റലിയിലെ ബന്ധുക്കളെ സ്വീകരിക്കാൻ നെടുമ്പാശേരിയിൽ പോയി കേരളത്തിൽ രണ്ടാം ഘട്ടത്തിലെ ആദ്യ കൊറോണ ബാധിതരായത്. ഇതോടെ സമീപത്തെ കടകളെല്ലാം ദിവസങ്ങളോളം അടച്ചത് നാട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നു.
കഴിഞ്ഞ പ്രളയ കാലത്തും കുമരകം വാലേച്ചിറയിൽ വി.ജി. അജയൻ എന്ന നാട്ടാരുടെ പ്രിയ ചങ്ങാതി സൗജന്യ ആട്ടോ സേവനം നടത്തിയിരുന്നു. ഭാര്യ ശ്രീജ. കുമരകം എസ്.കെ.എം സ്കൂൾ വിദ്യാർത്ഥികളായ ബിലഹരി, ക്ഷേത്ര എന്നിവരാണ് മക്കൾ.