വെച്ചൂർ : കൊറോണ ഭീതിയിൽ കൊയ്ത്ത് യന്ത്രങ്ങളുടെ ഡ്രൈവർമാർ കടന്നുകളഞ്ഞു. കൊയ്യാൻ കൊയ്ത്തുയന്ത്രം ലഭിക്കാത്തതിനാൽ ആശങ്കയോടെ രണ്ടു പാടശേഖരത്തിലെ കർഷകർ. വെച്ചൂർ പഞ്ചായത്തിലെ പന്നയ്ക്കാത്തടം, കട്ടമട പണ്ടാരപടവ് എന്നീ പാടശേഖരങ്ങളിലെ കർഷകരാണ് കൊയ്യാൻ പാകമായ പാടശേഖരത്തിൽ നെടുവീർപ്പോടെ നിൽക്കുന്നത്.110 ഏക്കർ വിസ്തൃതിയുള്ള പന്നയ്ക്കാത്തടം, 68 ഏക്കർ വിസ്തൃതിയുള്ള കട്ടമട എന്നീ പാടശേഖരങ്ങളിൽ അര ഏക്കർ മുതൽ കൃഷിയുള്ള നിർധന കർഷകരാണുള്ളത്. ഇരു പാടശേഖര സമിതികളും കൂടി മൂന്ന് കൊയ്ത്ത് യന്ത്രങ്ങൾ കല്ലറയിൽ ബുക്ക് ചെയ്തിരുന്നതാണ്. കൊറോണ ഭീതി പരന്നതോടെ ഡ്രൈവർമാർ സ്ഥലം വിട്ടു. കൊയ്ത്ത് യന്ത്രത്തിന്റെ ഉടമ യന്ത്രങ്ങൾ ഉണ്ടെന്നും ഡ്രൈവർമാരില്ലാത്തതിനാൽ നിസഹായനാണെന്നും പാടശേഖര സമിതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ദൂരെ നിന്നൊന്നും കൊയ്ത്തുയന്ത്രം കൊണ്ടുവരാനാവാത്ത സ്ഥിതിയാണ്. വടി അരിയായതിനാൽ നെല്ല് സംഭരിക്കാൻ വെച്ചൂർ മോഡേൺ റൈസ് മിൽ അധികൃതർ ഒരുക്കമാണ്. കൊയ്യാൻ താമസിക്കുകയും വേനൽമഴ വരികയും ചെയ്താൽ വിളവു നശിക്കും. ഈ പാടശേഖരങ്ങളുടെ സമീപത്തെ 175 ഏക്കർ വിസ്തൃതിയുള്ള ദേവസ്വംകരി പാടശേഖരത്തിൽ ഇന്ന് രാവിലെ കൊയ്ത്ത് പൂർത്തിയാക്കി നാല് കൊയ്ത്തുയന്ത്രങ്ങൾ തിരികെ കൊണ്ടുപോകും. പന്നയ്ക്കാത്തടവും പട്ടമടയും കൊയ്യാൻ രണ്ടു ദിവസം മതിയാകും. ജനപ്രതിനിധികൾ ഇടപെട്ട് ദേവസ്വംകരിയിൽ കൊയ്ത യന്ത്രങ്ങൾ ഉപയോഗിച്ച് പന്നയ്ക്കാത്തടത്തേയും കട്ടമടയിലേയും കൊയ്ത്ത് നടത്തുന്നതിന് വഴിയൊരുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.