crime

കോട്ടയം: കൊറോണ വൈറസ് ലോകമാകെ ജനങ്ങളെ ഞെരിച്ചുകൊല്ലുമ്പോൾ ഭാര്യയുടെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച ഡൽഹി പൊലീസിലെ എസ്.ഐ അറസ്റ്റിൽ. മണിമല പുതുപ്പറമ്പിൽ ഷാജഹാനെയാണ് (48) മണിമല സി.ഐ സാജു ജോസ്, എസ്.ഐ ജെബി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നിസാര കാര്യത്തിന് വഴക്കുകൂടിയ ഷാജഹാൻ നസീമയെ (46) ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നസീമ ജീവൻ നിലനിർത്തുന്നത്. നസീമയുടെ നില അതീവ ഗുരുതരമാണ്.

നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിച്ച ഷാജഹാനെ ഇന്നലെ തന്നെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഷാജഹാനെ ഡിസ്ചാർജ് ചെയ്തതോടെ മണിമല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.