ksrtc

കോട്ടയം: വായ്പാ തിരിച്ചടവിന് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും കെ.എസ്.ആർ.ടി.സി സൊസൈറ്റി റിക്കവറി നടപടികളുമായി മുന്നോട്ട്. വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അയച്ച നോട്ടീസ് ഇന്ന് രാവിലെ കോട്ടയം സ്വദേശിക്ക് ലഭിച്ചു. ഇതോടെ എന്തുചെയ്യുമെന്ന ചിന്തയിലാണ് ഈ തൊഴിലാളി.

അതേസമയം ബസുകൾ ഒറ്റയടിക്ക് നിർത്തലാക്കിയതോടെ വിവിധ ഡിപ്പോകളിൽ 20-ഓളം തൊഴിലാളികൾ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ ഡിപ്പാർട്ടുമെന്റ് ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്. ഭക്ഷണം പോലും ലഭ്യമാകാതെ ബസ് സ്റ്റാന്റുകളിൽ കുത്തിയിരിക്കയാണ് ഇവർ.

കാസർകോട് സ്വദേശിയായ കണ്ടക്ടർ വൈക്കം ഡിപ്പോയിലും കോഴിക്കോട് സ്വദേശി എടത്വ ഡിപ്പോയിലുമാണ് കഴിയുന്നത്. ഇവരെ നാട്ടിലെത്തിക്കാൻ യൂണിയൻ നേതാക്കൾപോലും രംഗത്ത് എത്തിയിട്ടില്ലായെന്ന പരാതിയും ഇവർ ഉന്നയിക്കുന്നു.

സ്ഥിരം ജീവനക്കാർക്ക് അഞ്ചാം തീയതിയും എംപാനൽ ജീവനക്കാർക്ക് പത്താം തീയതിയുമാണ് ശമ്പളം ലഭിച്ചുവന്നിരുന്നത്. ശമ്പളം എന്ന് കിട്ടുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും മാസാദ്യം സ്ഥിരം ജീവനക്കാർക്കും എംപാനൽ ജിവനക്കാർക്കും ഒരുമിച്ച് ശമ്പളം ലഭ്യമാക്കണമെന്നും വിവിധ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു.