കോട്ടയം : ലോക്ക് ഡൗൺ' ഉത്തരവ് പാലിച്ച് വസ്ത്രശാലകൾ അടച്ചതോടെ തുണി മാസ്ക് നിർമ്മാണം നിലയ്ക്കുന്നു. കോട്ടൺ തുണി കിട്ടാനില്ലാത്തതാണ് കാരണം. മാസ്ക് ലഭ്യതയിലെ കുറവ് പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും തലവേദനയായി. മെഡിക്കൽ സ്റ്റോറുകൾ മാസ്കുകൾക്ക് കൊള്ളവില ഈടാക്കി തുടങ്ങിയതോടെ ജില്ലയിലെ സന്നദ്ധ സംഘടകളും യുവജന പ്രസ്ഥാനങ്ങളും തയ്ച്ചെടുത്ത മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ കോട്ടൺ തുണി സ്റ്റോക്കുള്ള സ്ഥാപനങ്ങളും തയ്യലറിയാവുന്ന സുമനസുകളും ഒത്തുചേർന്നാൽ മാസ്ക് ലഭ്യതയിലെ കുറവ് പരിഹരിക്കാമെന്നാണ് പൊലീസിന്റെ നിർദ്ദേശം. തുണി സ്റ്റോക്കുള്ള സ്ഥാപനങ്ങൾ അവ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ പൊലീസ് ഏറ്റെടുത്ത് മാസ്ക് നിർമാണ കൂട്ടായ്മകൾക്ക് കൈമാറും. വീട്ടിലിരിക്കുന്നവരിൽ തയ്യലറിയാവുന്നവരുണ്ടെങ്കിൽ സ്വയം മാസ്ക് നിർമ്മിച്ച് കൈമാറാം. പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും മാസ്ക് നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യാൻ സ്നേഹക്കൂട്, രജിത് കുമാർ ഫാൻസ്, യുവമോർച്ച തുടങ്ങിയ കൂട്ടായ്മകൾക്ക് കോട്ടൺ തുണിയുടെ ദൗർലഭ്യം വെല്ലുവിളിയാകുന്നു. പച്ച, നീല നിറങ്ങളിലുള്ള കോട്ടൺ തുണി ഉപയോഗിച്ചായിരുന്നു ഇതുവരെ മാസ്ക് നിർമ്മിച്ചത്. മൂന്നു പാളികളായി തുണി മടക്കി ഇരുവശത്തും തുണികൊണ്ടുള്ള ചരടു ഘടിപ്പിച്ചാണ് നിർമ്മാണം. തുണി നൽകാൻ സന്നദ്ധരായവരും തയ്ച്ചുനൽകാൻ സന്നദ്ധരായവരും പൊലീസ് ഓഫിസുമായി ബന്ധപ്പെടണം.