market
മൂന്നാർ പച്ചക്കറി മാർക്കറ്റ്

അടിമാലി: മൂന്നാർ മേഖലയിൽ പച്ചക്കറികൾക്കും പഴ വർഗ്ഗങ്ങൾക്കും അമിത വില ഈടാക്കുന്നതായി പരാതി.പരാതിയെ തുടർന്ന് മാർക്കറ്റിൽ റവന്യൂ പൊലീസ് സംഘം മിന്നൽ പരിശോധന നടത്തി.ലോക് ഡൗൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടതോടെ മൂന്നാർ മാർക്കറ്റിൽ പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും വില വർദ്ധിച്ചതായി പ്രദേശവാസികൾ സബ്കളക്ടറോടും ഉയർന്ന ഉദ്യോഗസ്ഥരോടും പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് മൂന്നാർ ഡി വൈ എസ് പിയുടേയും ദേവികുളം തഹസിൽദാരുടേയും സംഘം മൂന്നാർ മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തിയത്. വിൽപ്പനക്ക് വച്ചിരിക്കുന്ന മുഴുവൻ സാധനങ്ങളുടേയും വിലവിവര പട്ടിക നിർബന്ധമായി പ്രദർശിപ്പിക്കണമെന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകി. വില നിയന്ത്രിക്കുന്നതിനും അമിത വില ഇടാക്കുന്നുണ്ടോയെന്ന് അറിയുന്നതിനുമായി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചതായി ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു.തമിഴ്‌നാട്ടിലെ മധുര, ഉടുമല തുടങ്ങിയ മാർക്കറ്റുകളിൽ നിന്നുമാണ് മൂന്നാറിലെ പച്ചക്കറി വ്യാപാരികൾ ചന്തയിൽ പച്ചക്കറികൾ എത്തിക്കുന്നത്. തമിഴ്‌നാട്ടിലെ മൊത്ത കച്ചവടക്കാർ വില വർദ്ധിപ്പിച്ചതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ജില്ലയിലെ ഭൂരിഭാഗം ഇടങ്ങളിലേക്കും പച്ചക്കറി എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നുമാണ്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ലാഭം കൊയ്യാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് വിലക്കയറ്റമെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.