കോട്ടയം : കൊറോണ വ്യാപനകാലത്ത് ജനങ്ങൾക്കൊപ്പം പ്രതിരോധ പ്രവർത്തനത്തിൽ ഇറങ്ങാൻ കഴിയാത്ത ദു:ഖത്തിൽ സുരേഷ് കുറുപ്പ് എം.എൽ.എ. രക്തധമനികളുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന 'വാസ്കുലിറ്റിക് ന്യൂറോപ്പതി" എന്ന രോഗത്തിനുള്ള തീവ്രചികിത്സയിലായ കുറുപ്പ് ആശുപത്രി വിട്ട ശേഷം കൊറോണക്കാലത്ത് വീട്ടിൽ കിടന്ന് ചികിത്സിക്കേണ്ട തന്റെ ദു:ഖം പങ്കുവച്ചു.

"രക്തധമനികൾ ദുർബലപ്പെട്ട് നീർക്കെട്ട് ഉണ്ടാകുന്ന രോഗമാണ്. കഴിഞ്ഞ അസംബ്ലി സമ്മേളനത്തിനിടയിൽ ഇരിക്കാനും നിൽക്കാനും ബുദ്ധിമുട്ടായതോടെ പാർട്ടി അനുവാദം വാങ്ങി അവധിയെടുത്ത് വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തി ഏറ്റുമാനൂരിലെ വീട്ടിൽ വിശ്രമത്തിലാണ്. കോട്ടയം മെഡിക്കൽ കോളേജിലാണ് തുടർചികിത്സ. ചികിത്സയുടെ പാർശ്വഫലമായി ബ്ലഡ് കൗണ്ട് ക്രമാതീതമായി കുറഞ്ഞു. പ്രതിരോധ ശേഷി തീർത്തും കുറഞ്ഞതിനാൽ പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം ഡോക്ടർമാർ നൽകിയതിനാൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയാതെ പൂർണ വിശ്രമത്തിലാണ്.

മണിക്കൂറുകളോളം മയക്കി കിടത്തിയുള്ള കുത്തിവയ്പ്പ് ഇനി പന്ത്രണ്ട് തിങ്കളാഴ്ചകളിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയൽ എടുക്കണം. ജനപ്രതിനിധി എന്ന നിലയിൽ പൊതുജനമദ്ധ്യത്തിലിറങ്ങാൻ ഇനിയും ഏറെനാൾ എടുക്കും. എന്നാൽ മഹാപ്രളയത്തിലെന്ന പോലെ ജാതി - മത രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ കൊറോണ വ്യാപനം തടയുന്നതൽ ഒന്നിച്ച് നിൽക്കുന്ന കാഴ്ച ദൃശ്യ അച്ചടി മാദ്ധ്യമങ്ങളിലൂടെ അറിയുന്ന ആവേശത്തിലാണ് രോഗക്കിടക്കയിലും ഞാൻ. കൊറോണക്കാലത്ത് അവർക്കൊപ്പം നിൽക്കാൻ കഴിയുന്നില്ലല്ലോ എന്ന ദു:ഖമേയുള്ളൂ. തന്റെ അവസ്ഥ ജനങ്ങളെ അറിയിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതിന് വൻപ്രതികരണമാണ് കുറുപ്പിന് ലഭിച്ചത്. 'സഖാവ് വിശ്രമിച്ചോളൂ ആ കുറവ് ഞങ്ങൾ പരിഹരിച്ചു കൊള്ളാമെന്ന്" പലരും പറഞ്ഞതു കേട്ടപ്പോൾ സന്തോഷം തോന്നി.

ഫേസ് ബുക്ക് കുറിപ്പിങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അതീവ ജാഗ്രതയോടെയുള്ള ഏകോപനം വഴി ഈ മഹാമാരിയെ നേരിടുന്നത് എന്നെ ആവേശഭരിതനാക്കുന്നു. കേരളം കൊറോണയെ പരജയപ്പെടുത്തുമെന്ന കാര്യത്തിൽ എനിക്കു സംശയമില്ല. അത് നമ്മുടെ നിശ്ചയദാർഢ്യമാണ്. പൊതു രംഗത്തിറങ്ങാൻ ഡോക്ടർമാർ അനുവദിക്കുന്ന നിമിഷം ഞാനും ജനങ്ങൾക്കൊപ്പമുണ്ടാകും.