പാലാ : 'അന്നാ പെസഹാ തിരുനാളിൽ.... തിരുനാമത്തിൽ ചേർന്നീടാം ..... ഒരുമയോടീ ബലി അർപ്പിക്കാം ....' അന്ത്യാളം പള്ളിയിലെ അൾത്താരയ്ക്കു മുന്നിൽ , വികാരി ഫാ. ജയിംസ് വെണ്ണായിപ്പിള്ളിൽ പുലർച്ചെയുള്ള കുർബാന തുടങ്ങുകയാണ്.
മുന്നിൽ വിശ്വാസികൾ ഇരിക്കേണ്ട ബഞ്ചുകളിൽ ആരുമില്ല. പക്ഷേ ഫാ. ജയിംസ് കുർബാന മദ്ധേ നിരത്തിയിട്ട ഓരോ ബഞ്ചുകൾക്കും അടത്തേയ്ക്ക് എത്തും. ബഞ്ചുകളിൽ ഇടവകയിലെ 240 കുടുംബനാഥൻമാരുടെയും പേരുകൾ വെള്ള പേപ്പറിൽ എഴുതി ഒട്ടിച്ചിട്ടുണ്ട്. ഓരോ ഗൃഹനാഥനും കുടുംബത്തിനുമുള്ള കുർബ്ബാനയുടെ പ്രാർത്ഥന ഈ പേപ്പറിൽ വലതുകരം തൊട്ട് അച്ചൻ അർപ്പിക്കും ; വീടുകളിലിരിക്കുന്ന വിശ്വാസികൾക്കായി.
വിശ്വാസികൾക്ക് പള്ളിയിൽ വരാൻ കഴിയാതായതോടെയാണ് ഈയൊരു ആശയം അച്ചന്റെ മനസ്സിൽ വന്നത് . പേരും കുടുംബവും കൊണ്ട് സാന്നിദ്ധ്യപ്പെടുത്തിയ വിശ്വാസികളുടെ നടുവിലാണ് ഇപ്പോൾ ഫാ. ജയിംസ് കുർബ്ബാന അർപ്പിച്ചു പോരുന്നത്. പള്ളിയിൽ കുർബ്ബാന ചൊല്ലുന്ന വേളയിൽ വീടുകളിൽ വിശ്വാസികൾ ക്രൂശിത രൂപത്തിനു മുന്നിൽ മെഴുകുതിരികൾ തെളിയ്ക്കും, പ്രാർത്ഥനാ നിരതമാവും.
' സമൂഹത്തോട് ചേർന്ന് നിന്ന് അർപ്പിക്കേണ്ട ദിവ്യബലി, അവരില്ലാതെ നടത്തുന്നതിന്റെ വിഷമം കുടുംബനാഥൻമാരുടെ ഈ പേരുകൾ കാണമ്പോൾ മാറുകയാണ്.' അന്ത്യാളം പള്ളിയിലെ വിശുദ്ധ മത്തായിയുടെ തിരു രൂപത്തെ സാക്ഷി നിർത്തി ഫാ. ജയിംസ് പറഞ്ഞു.